കോലഞ്ചേരി: തകർന്ന് തിരിപ്പണമായ കിടന്ന ചൂണ്ടി രാമമംഗലം റോഡിന്റെ പുനർനിർമ്മാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. ഇനി റോഡിലെ കലുങ്കുകളുടെ നിർമ്മാണമാണ് നടക്കേണ്ടത്. വാഹന ഗതാഗതത്തിന് തടസം വരാത്ത വിധം പകുതി പൊളിച്ച് പൂർത്തിയാക്കിയ ശേഷം അടുത്ത പകുതി പൊളിച്ച് പണി തീർക്കാനാണ് തീരുമാനം. ഇതോടെ ഏറെക്കാലമായുള്ള ചൂണ്ടി രാമമംഗലം നിവാസികളുടെ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്. റോഡിനായി പുതിയ ടെൻഡറിൽ 7.27 കോടി രൂപയാണ് അനുവദിച്ചത്. നേരത്തെ 3.30 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കരാറുകാരൻ ഒഴിഞ്ഞിരുന്നു. തുടർന്ന് റോഡിന്റെ പുനർനിർമ്മാണം അനിശ്ചിതത്വത്തിലായത്. നിലവിൽ ബി.എം, ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്.
രാമമംഗലം പുഴയിൽ നിന്നും ചൂണ്ടിയിലെ വാട്ടർ അതോറിറ്റിയുടെ പ്രധാന ശുദ്ധീകരണ പ്ലാന്റിലേക്കുള്ള ഏക പാതയാണ് ചൂണ്ടിരാമമംഗലം റോഡ്. ജൽജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് കുത്തിപ്പൊളിച്ചെങ്കിലും പൈപ്പിടൽ പൂർത്തിയായില്ല. 2022ലാണ് പദ്ധതി പൂർത്തിയാകേണ്ടിയിരുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ പൈപ്പിടൽ അന്ത്യമില്ലാതെ തുടരുന്നത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതുമൂലം രൂക്ഷമായ പൊടിശല്യമാണ് ചൂണ്ടിരാമമംഗലം റോഡിലുണ്ടായിരുന്നത്. അലർജി, ശ്വാസം മുട്ട് എന്നിവ കാരണം കുട്ടികൾ പോലും ഏറെ ബുദ്ധിമുട്ടിയിരുന്നു. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് നടത്തിയ നിരവധി ചർച്ചകൾക്കൊടുവിലാണ് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ ധാരണയായത്.
കലുങ്ക് നിർമ്മാണം കൂടി പൂത്തിയായാൽ രണ്ടാം ഘട്ട ടാറിംഗ് ജോലികൾ തീർത്ത് ബി.എം, ബി.സി നിലവാരത്തിലുള്ള റോഡ് പരിപൂർണ്ണമായി സഞ്ചാര യോഗ്യമാക്കും. റോഡിനെ സംബന്ധിച്ച് നാളുകളായി തുടരുന്ന അനിശ്ചിതത്തമാണ് ഇതോടെ അവസാനിക്കുന്നത്.
അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ