y
കൃഷി കൂട്ടായ്മയിലെ അംഗങ്ങളായ കുര്യൻ തുകലൻ, മനു തുകലൻ, ബിനോയ് കാറ്റാടി, പി.പി. ദിനേശൻ എന്നിവർ

തൃപ്പൂണിത്തുറ: മീനമാസത്തിലെ കത്തുന്ന വെയിലിലും ഉദയംപേരൂർ പഞ്ചായത്തിലെ 4-ാം വാർഡ് കണ്ടനാട് പാടശേഖരങ്ങളിൽ സന്ദർശകരുടെ ബാഹുല്യമാണ്. കണ്ണിന് കുളിർമയേകി പൂത്തുലഞ്ഞ് നിൽക്കുന്ന സൂര്യകാന്തിപ്പാടം കാണുവാനും വിഷുക്കണിക്കും സദ്യയ്ക്കുമായുള്ള വിഷരഹിത പച്ചക്കറികൾ വാങ്ങാനുമാണ് സന്ദർശകരുടെ തിരക്ക്. തമിഴ്നാട്ടിലും മറ്റും കണ്ടു പരിചയിച്ച സൂര്യകാന്തി പാടങ്ങളെപ്പോലെ കൂട്ടമായി വിരിഞ്ഞു നിൽക്കുന്ന പുഷ്പങ്ങൾ ഇത് രണ്ടാം വർഷമാണ് കണ്ടനാട് വിസ്മയം തീർക്കുന്നത്.

പഞ്ചായത്തിലെ ഏക തരിശ് രഹിത വാർഡായ കണ്ടനാട്ടെ 104 ഏക്കറുള്ള പാടശേഖരത്തിൻ്റെ 80 സെൻ്റ് സ്ഥലത്താണ് ഇക്കുറി സൂര്യകാന്തി കൃഷി ചെയ്തിരിക്കുന്നത്. 15 ഏക്കർ സ്ഥലത്ത് തണ്ണിമത്തനും ഷമാമും കൂടാതെ വിഷുവിനായി തയ്യാറായ കണിവെള്ളരിയും പച്ചക്കറികളും ഇടതൂർന്ന് നിൽക്കുകയാണ്.

നടൻ ശ്രീനിവാസൻ തുടങ്ങി വച്ച പച്ചക്കറി വിപ്ലവം ഇപ്പോൾ മനു തുകലൻ, പി.പി. ദിനേശൻ, കുര്യൻ തുകലൻ, ബിനോയ് കാറ്റാടി എന്നിവരുടെ നേതൃത്വത്തിൽ കണ്ടനാട് കർഷക കൂട്ടായ്മയാണ് ഏറ്റെടുത്ത് നടത്തുന്നത്. നിലവിൽ കൂട്ടായ്മയുടെ രക്ഷാധികാരിയായ ശ്രീനിവാസൻ 70 ഏക്കറിൽ തുടങ്ങി വച്ച കൃഷിഭൂമിയിൽ തരിശായി കിടന്ന 34 ഏക്കറുകൂടി കൂട്ടിച്ചേർക്കാൻ സഹായിച്ചത് വാർഡ് മെമ്പർ ആൽവിൻ സേവ്യറാണെന്ന് കൂട്ടായ്മയിലെ അംഗമായ മനു പറഞ്ഞു.

പാടശേഖരത്തിലെ ആദ്യ കൃഷിയായ നെൽകൃഷി ഇത്തവണ നൂറുമേനി വിളവു തന്നതോടെ കൃഷി കൂട്ടായ്മ കൂടുതൽ ഊർജത്തോടെയാണ് തുടർകൃഷിയായ പച്ചക്കറികളുടെയും സൂര്യകാന്തിയുടെയും കൃഷിയ്ക്ക് വിത്തിട്ടത്. നാലുതരം തണ്ണിമത്തൻ, ഷമാം, പൊട്ടുവെള്ളരി, മത്തൻ, കുമ്പളം, പടവലം, പച്ചമുളക്, കുക്കുമ്പർ, കണിവെള്ളരി, പാവൽ, നിത്യവഴുതന, നാലിനം പയർ, വെണ്ടയ്ക്ക, തക്കാളി ബട്ടർ നട്ട്, പാവയ്ക്ക, പീച്ചിങ്ങ, ചുരക്ക, തുടങ്ങി 25 ഇനം ജൈവ വിളകളാണ് ഇത്തവണത്തെ പ്രത്യേകത. ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ പാടത്തു നിന്നു തന്നെ സന്ദർശകർ വാങ്ങുകയാണ്.

..........................................

വിളവെടുപ്പ് പൂർണമാകുന്നതോടെ വീണ്ടും നെൽക്കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. 104 ഏക്കറിൽ 20 ഏക്കർ സ്ഥലത്ത് ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത ജാപോനിക എന്ന നെൽവിത്താണ് ഇക്കുറി പരീക്ഷിക്കുന്നത്. പശുവിൻ പാലിന് പകരം നെല്ലിൻ്റെ കൊഴുപ്പ് കുറഞ്ഞ പാൽ ഉല്പാദിപ്പിക്കാൻ ഇതിൽ നിന്നും കഴിയും.

മനു തുകലൻ