പറവൂർ: വടക്കേക്കര വിജ്ഞാന പ്രകാശക സംഘം ചക്കുമരശേരി ശ്രീകുമാര ഗണേശമംഗലം മഹാക്ഷേത്രത്തിൽ മഹോത്സവത്തിന് നാളെ രാത്രി എട്ടിന് കൊടിയേറും. ക്ഷേത്രം തന്ത്രി കെ.കെ. അനിരുദ്ധൻ തന്ത്രി കൊടിയേറ്റ് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് വൈകിട്ട് പ്രാരംഭക്രിയകൾ തുടങ്ങും. പ്രസാദശുദ്ധ്യാദി വാസ്തുപുരണ്യാഹന്തം, ദീപാരാധനയ്ക്ക് ശേഷം കലവറനിറയ്ക്കൽ എന്നിവ നടക്കും. മഹോത്സവദിനങ്ങളിൽ രാവിലെ നിർമ്മാല്യദർശനം, അഭിഷേകം, ഗണപതിഹവനം, പഞ്ചഗവ്യം, നാരായണീയ പാരായണം, വിശേഷാൽപൂജ, വൈകിട്ട് ദീപക്കാഴ്ച, ദീപാരാധന, ശ്രീഭൂതബലി എന്നിവ ഉണ്ടാകും. നാളെ വൈകിട്ട് 5ന് കൊടിയേറ്റത്തിനുള്ള കൊടി, കൊടിക്കയർ എന്നിവ കുമ്പളത്തുപറമ്പിൽ ശശിധരന്റെ വസതിയിൽ നിന്നും മാതൃസംഘടനയുടേയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും അകമ്പടിയിൽ ക്ഷേത്രസന്നിധിയിലെത്തിക്കും. രാത്രി എട്ടരക്ക് കാവടിഘോഷയാത്ര. 10ന് രാവിലെ ഒമ്പതരക്ക് മഹാഗണപതിയിങ്കൽ വിശേഷാൽ കലശാഭിഷേകം, വൈകിട്ട് 7ന് നൃത്തസന്ധ്യ. 11ന് രാവിലെ ഒമ്പതരക്ക് മഹാദേവന് വിശേഷാൽ കലശാഭിഷേകം, വൈകിട്ട് 7ന് സിനിമ വിഷ്വൽ ഡ്രാമ - വടക്കുംനാഥൻ. 12ന് രാവിലെ ഒമ്പതരക്ക് ദേവിയിങ്കൽ വിശേഷാൽ കലശാഭിഷേകം. രാത്രി 8ന് നാടകം - മണ്ണും മക്കളും. 13ന് രാവിലെ ഒമ്പതരക്ക് ധർമ്മശാസ്ത്രാവിങ്കൽ വിശേഷാൽ കലശാഭിഷേകം. വൈകിട്ട് 7ന് വിദ്യാഭ്യാസ സമ്മാനവിതരണം. രാത്രി 8ന് കഥകളി - കുചേലവൃത്തം. പള്ളിവേട്ട മഹോത്സവദിനമായ 14ന് പുലർച്ചെ വിഷുക്കണിദർശനം, രാവിലെ 11നും വൈകിട്ട് 4നും ഓട്ടൻതുള്ളൽ. ദീപാരാധനയ്ക്ക് ശേഷം മോതിരവച്ചുതൊഴൽ. വൈകിട്ട് 7ന് പാണ്ഡവാസ് ഫ്ളോക്ക് മ്യൂസികിന്റെ ആരവം. 10ന് പള്ളിവേട്ട പുറപ്പാട്, തിരിച്ചെഴുന്നള്ളിപ്പ്. ആറാട്ട് മഹോത്സവദിനമായ 15ന് രാവിലെ 8ന് തിടമ്പേറ്റൽ ചടങ്ങ്. തുടർന്ന് കാഴ്ചശ്രീബലി, വൈകിട്ട് 4ന് പകൽപ്പൂരം, മേജർസെറ്റ് പഞ്ചവാദ്യം, 5ന് കുടമാറ്റം തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പ്. സംയുക്തപഞ്ചവാദ്യം. ദീപാരാധനയ്ക്ക് ശേഷം മോതിരംവച്ചു തൊഴൽ, രാത്രി 9ന് വർണവിസ്മയം, പുലർച്ചെ 3ന് ആറാട്ട് എഴുന്നള്ളിപ്പ് തുടർന്ന് പഞ്ചവിംശതി കലശാഭിഷേകം, ശ്രീഭൂതബലിക്ക് ശേഷം കൊടിയിറങ്ങും.