പറവൂർ: വിഷുക്കാലത്ത് ഒരുക്കുന്ന പാലിയം മാറ്റച്ചന്ത ഇന്ന് ചേന്ദമംഗലം പാലിയം ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിലെ മാറ്റപ്പാടത്ത് തുടങ്ങും. ആറുനാൾ നീളുന്ന മുസിരിസ് ഫെസ്റ്റ് വിഷുമാറ്രച്ചന്ത പൈതൃകോത്സവത്തിൽ ഇരുന്നൂറ്റിയൻപതോളം സ്റ്റാളുകളുണ്ടാകും. ഇന്ന് വൈകിട്ട് ആറിന് സാംസ്കാരിഘോഷയാത്ര ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് ആരംഭിക്കും. ഏഴിന് ആർ.എൽ.വി രാമകൃഷ്ണന്റെ മോഹിനിയാട്ടം, നാളെ വൈകിട്ട് ആറരക്ക് കുടുംബശ്രീയുടെ കലാവിരുന്ന്. 10ന് വൈകിട്ട് ആറരക്ക് നാട്ടരങ്ങ്, രാത്രി എട്ടിന് വനിതകളുടെ ചവിട്ടുനാടകം.11ന് അതുൽ നറുകരയുടെ മ്യൂസിക്കൽഷോ. 12ന് വൈകിട്ട് ഏഴിന് അലോഷിയുടെ ഗാനോത്സവം.13ന് വൈകിട്ട് ഏഴിന് ഗൗതം ദ്രാവിഡിന്റെ ഫ്ളൂട്ട് ഫ്യൂഷൻ.
--------------------------------------------------------------------------
ഗതകാലസ്മരണയിൽ പാലിയം മാറ്റച്ചന്ത
വിഷു ആഘോഷങ്ങളുടെ മുന്നോടിയായാണ് ചേന്ദമംഗലം പാലിയത്തെ മാറ്റച്ചന്ത. പതിറ്റാണ്ടുകൾക്ക് മുമ്പ് പാലിയത്തച്ചൻ തുടങ്ങിവച്ചതാണിത്. പണത്തിന് പകരം സാധനങ്ങൾ കൈമാറുന്നതായിരുന്നു പഴയരീതി. പഴയ ഓർമ്മകൾ നിലനിർത്തുന്നുണ്ടെങ്കിലും ഇന്ന് ഉൽപന്നങ്ങൾ പണം കൊടുത്തു വാങ്ങുന്ന രീതിയാണ്. കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ വിഷുവിന് രണ്ടുനാൾ മുമ്പ് മാറ്റച്ചന്ത ആരംഭിക്കും. ആദ്യ ദിവസം ചെറിയമാറ്റവും രണ്ടാം ദിവസം വലിയമാറ്റവുമാണ് നടക്കുക. രാപകലില്ലാതെ പ്രവർത്തിക്കുന്ന മാറ്റച്ചന്തയിൽ ഉത്പന്നങ്ങൾ വാങ്ങാൻ നാട്ടിലെ മുഴുവൻ ജനങ്ങളുമെത്തും. വിഷുവിന്റെ തലേന്ന് ഉച്ചയ്ക്ക് ശേഷം സമാപിക്കും. വിഷു ആഘോഷിക്കാൻ കച്ചവടക്കാരെല്ലാം അന്ന് രാത്രിയിൽ തന്നെ വീട്ടിലെത്തുമെന്നാണ് പതിവ്. ഇന്നും പഴമക്കാർ മാറ്റച്ചന്ത ഒരുഅനുഷ്ഠാനം പോലെയാണ് കൊണ്ടാടുന്നത്. കാലഘട്ടത്തിലുണ്ടായ മാറ്റങ്ങളൊന്നും പലിയം മാറ്റച്ചന്തയുടെ പൊലിമയിൽ കുറവുവരുത്തിയിട്ടില്ല. അപൂർവ്വമായ വീട്ടുപകരണങ്ങളാണ് മാറ്റച്ചന്തയിലെത്തുന്നത്. വിവിധയിനം മൺപാത്രങ്ങൾ, ചട്ടികൾ, കറിക്കത്തികൾ, മെത്തപായ, പുൽപായ, കുട്ടകൾ, മുറം, പനയോല വിശറി, മാമ്പഴങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, ചവിട്ടികൾ, ഉണക്കമത്സ്യങ്ങൾ എന്നിവ മാറ്റച്ചന്തയിൽ ധാരാളമായെത്തും.