road
ആട്ടായം - മുളവൂർ റോഡിന്റെ പായിപ്ര പഞ്ചായത്തിലെ ഭാഗത്ത് ടാറിംഗ്ജോലി നടക്കുന്നു

മൂവാറ്റുപുഴ: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആസാദ് -ആട്ടായം - മുളവൂർ പി.ഒ. ജംഗ്ഷൻ റോഡിൽ പായിപ്ര ഗ്രാമപഞ്ചായത്തിലെ ആട്ടായം മുതൽ മുളവൂർ പി ഒ ജംഗ്ഷൻ വരെയുള്ള 3.5 കിലോമീറ്റർ നിർമ്മാണം പൂർത്തിയായി. കഴിഞ്ഞ സർക്കാറിന്റ കാലത്ത് മുൻ എം.എൽ.എ എൽദോ എബ്രഹാമിന്റെ ഇടപെടലിനെ തുടർന്ന് 2020 നവംബറിൽ റീബിൽഡ് കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മൂവാറ്റുപുഴ നഗരസഭയിലെ കീച്ചേരിപ്പടിയിൽ നിന്നും ആരംഭിച്ച് പായിപ്ര പഞ്ചായത്തിലെ -ആട്ടായം - കുറ്റിക്കാട്ട് ചാൽപ്പടിയിലെ മുളവൂരിൽ എത്തിച്ചേരുന്ന 8 കിലോമീറ്റർ റോഡിൽ വരുന്ന 3.5കിലോമീറ്റർ നിർമ്മാണത്തിന് 3.50 കോടി രൂപ അനുവദിച്ചിരുന്നു. ബി.എം. ബി.സി. നിലവാരത്തിൽ നിർമ്മിക്കാനാണ് തുക അനുവദിച്ചത്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

ഇതിനിടെ റോഡ് നിർമ്മാണം മൂവാറ്റുപുഴ നഗരസഭയിലെ കീച്ചേരിപ്പടിയിൽ നിന്നും ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി.എന്നാൽ റോഡിന്റെ പായിപ്ര പഞ്ചായത്തിലെ തുടക്ക സ്ഥലമായ മുളവൂർ പി ഒ ജംഗ്ഷനിൽ നിന്നുമാണ് എസ്റ്റിമേറ്റ് അടക്കം തയ്യാറാക്കിയതിനാൽ മുളവൂരിൽ നിന്നാണ് റോഡ് പണി ആരംഭിച്ചത്.

മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ ഇത് 1985 ൽ നാട്ടുകാരുടെ ശ്രമഫലമായാണ് നിർമ്മിച്ചത്. മുളവൂർ നിവാസികൾക്ക് എളുപ്പത്തിൽ മൂവാറ്റുപുഴയിൽ എത്തിചേരാൻ കഴിയുന്ന റോഡ് പിന്നീട് ജില്ലാപഞ്ചായത്തിന്റയും, പൊതുമരാമത്ത് വകുപ്പിന്റെയും , നഗരസഭയുടെയും അധീനതയിലായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായില്ല. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഒന്നര കിലോമീറ്റർ റോഡ് എല്ലാ വർഷവും കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തും. എന്നാൽ ജില്ലാപഞ്ചായത്തിന്റെയും നഗരസഭയുടെയും അധീനതയിൽവരുന്ന ഭാഗം തകർന്ന് കിടക്കാറാണ് പതിവ്. ഈ സാഹചര്യത്തിലാണ് മുൻ എം.എൽ. എ. എൽദോ എബ്രഹാം മുൻകൈ എടുത്ത് പായിപ്ര പഞ്ചായത്തിലെ മൂന്നര കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കാൻ ഇടപ്പെട്ടത്. റോഡിന്റെ ആട്ടയം മുതൽ കീച്ചേരിപ്പടി വരെ വരുന്ന അഞ്ച് കിലോമീറ്റർ ബി.എം, ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് കഴിഞ്ഞ ബജറ്റിൽ 5 കോടി അനുവദിച്ചിട്ടുണ്ടെന്ന് നിലവിലെ എം.എൽ.എ പ്രഖ്യാപിച്ചങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.