മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ചിറ്റൂർ സ്വദേശി കാമത്ത് ശ്രീമിത്രുവി(19)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 7.30ഓടെ കാവുപടിയിൽ നിന്ന് കണ്ടെത്തിയത്. മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ നിർമ്മല ഹോസ്റ്റൽ ജംഗ്ഷന് സമീപം പുഴയോര റോഡിലുള്ള കടത്ത് കടവിൽ നിന്ന് ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് ശ്രീമിത്രുവിനെ കാണാതായത്. സുഹൃത്തുക്കളോടൊപ്പം കടവിൽ കുളിക്കാനിറങ്ങിയ ശ്രീമിത്രു ഒഴുക്കിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും മൂവാറ്റുപുഴ ഫയർഫോഴ്സും സ്‌കൂബ സംഘവും നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിലും ശ്രീമിത്രുവനെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാവിലെയാണ് കടത്ത് കടവിൽ നിന്ന് മുക്കാൽ കിലോമീറ്റർ താഴെയുള്ള കാവുംപടിയിലൂടെ മൃതദേഹം ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് പൊലീസും ഫയർ ഫോഴ്സും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. നഗരത്തിലെ സ്വകാര്യ കോളേജിലെ ജർമ്മൻ ഭാഷ വിദ്യാർത്ഥിയാണ് കൃഷ്ണൻ - സുസ്മിത ദമ്പതികളുടെ മകൻ ശ്രീമിത്രു. ഹോസ്റ്റലിലുള്ള സുഹൃത്തുക്കൾക്കൊപ്പം ശ്രീമിത്രു പുഴയിൽ കുളിക്കാനെത്തുന്നത് പതിവായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു.