
കൊച്ചി: മലയാളത്തിന്റെ 'അമ്മ രുചികൾ" അന്യംനിന്നു പോകാതിരിക്കാൻ കൂടിയാണ് എറണാകുളം കതൃക്കടവിലെ വീട്ടമ്മ നളിനി മേനോൻ (71) അടുക്കളയിൽ കയറുന്നത്. ഭക്ഷണപ്രിയനായ മകൻ, ഹൈക്കോടതി അഭിഭാഷകൻ ജയശങ്കറിന്റെ പിന്തുണ കൂടിയായപ്പോൾ അമ്മയുടെ രുചിക്കൂട്ടുകൾ ലോകമെങ്ങുമെത്തി. അമ്മയ്ക്കു വേണ്ടി മകൻ തുടങ്ങിയ 'അമ്മ രുചികൾ" എന്ന യുട്യൂബ് ചാനലിന്റെ ആരാധകരേറെയും ന്യൂജെൻ. സംശയം തീരാത്തവർക്ക് നേരിട്ട് നളിനിയെ വിളിക്കാം, 'അമ്മ" എന്ന വീട്ടിൽ എത്തുകയുമാകാം. പാചകവിധികൾ സൗജന്യമായി പഠിപ്പിച്ചുകൊടുക്കും.
ഇത്തിരിനേരം കൊണ്ട് തനിക്കിഷ്ടപ്പെട്ട പലഹാരങ്ങളും കറികളുമൊരുക്കുന്ന അമ്മയുടെ കൈപ്പുണ്യം വൈറലാകുമെന്ന് മകന് ഉറപ്പുണ്ടായിരുന്നു. 2020ൽ കൊവിഡ്കാലത്ത് തുടങ്ങിയ ചാനലിലൂടെ വിദേശരാജ്യങ്ങളിൽ ജനിച്ചുവളർന്നവരും നളിനിയുടെ 'രുചിക്കൂട്ടുകാരായി".
സസ്യഭക്ഷണം മാത്രമേ കഴിക്കൂ എങ്കിലും മകന് ഇഷ്ടമുള്ള മത്സ്യ-മാംസ വിഭവങ്ങളും തയ്യാറാക്കാറുണ്ട്. എൻജിനീയറായിരുന്ന ഭർത്താവ് ബാലശങ്കർ ഏഴു വർഷം മുമ്പ് മരിച്ചു. മകൻ രാവിലെ കോടതിയിലേക്കു പോയാൽ അമ്മ അടുക്കളയിൽ കയറും. കേരളീയ വിഭവങ്ങളല്ലാതെ മറ്റൊന്നും അറിയില്ലെന്നു മാത്രമല്ല, പഠിക്കാൻ താത്പര്യവുമില്ല. കഷണങ്ങളും മറ്റും തലേന്ന് ഒരുക്കിവയ്ക്കുന്ന ശീലമില്ലാത്തതിനാൽ അതിരാവിലെ എഴുന്നേറ്റാണ് പാചകം.
ആദ്യ ഹിറ്റ്
പുളിയും മുളകും
പുളിയും മുളകും എന്ന നാടൻ വിഭവമാണ് ആദ്യം അവതരിപ്പിച്ചത്. ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ വഴറ്റി മാറ്റിവയ്ക്കുക. പപ്പടം കാച്ചി പൊടിച്ചു ചേർക്കുക. ഒന്നുകൂടി മൂപ്പിച്ച് അല്പം പുളിയും പാകത്തിന് ഉപ്പും ചേർത്ത് അധികം അരയാതെ ഒന്നടിച്ചെടുത്താൽ മറ്റു കറികളെല്ലാം മാറിനിൽക്കുമെന്ന് നളിനിയുടെ ഉറപ്പ്. പച്ചക്കടുമാങ്ങ, ഉപ്പുമാങ്ങ അരച്ചുകലക്കിയത്, മാമ്പഴ സാമ്പാർ, മുളകുപച്ചടി, കായ മൊളോഷ്യം, നാടൻകായ-പയർ എരിശേരി, ചുട്ടരച്ച ചമ്മന്തി തുടങ്ങി പുതുതലമുറയ്ക്ക് അറിയാത്തവയെല്ലാം ചാനലിലുണ്ട്. കടച്ചക്ക ബജി, കൊഴുക്കട്ട, അട, തിരുവാതിരപ്പുഴുക്ക്, മുട്ടദോശ തുടങ്ങിയവയും ഹിറ്റായി.
അമ്മ തങ്കമ്മയും ചേച്ചി വത്സലയുമാണ് പാചകകലയിൽ ഗുരുക്കന്മാർ. എന്തൊക്കെയുണ്ടെങ്കിലും ഊണിനൊപ്പം പുളിയും മുളകും വേണമെന്ന് അച്ഛൻ നാരായണ മേനോന് നിർബന്ധമായിരുന്നു. നേരിട്ടുവന്നാൽ അറിയാവുന്നതൊക്കെ സൗജന്യമായി പഠിപ്പിക്കാൻ തയ്യാറാണ്. നാട്ടുരുചികൾ സംരക്ഷിക്കപ്പെടണം.
-നളിനി മേനോൻ