കൊച്ചി: കൊച്ചിയിലെ ഭക്ഷണ മാലിന്യത്തിൽ നിന്നുള്ള ജൈവ വളം ഇനി പാർക്കുകളിൽ വളമാകും. കോർപ്പറേഷന്റെ പാർക്കുകളിലേക്ക് വളക്കൂറുള്ള മണ്ണൊരുക്കാൻ കോർപ്പറേഷൻ സ്വന്തമായി ഉത്പാദിപ്പിക്കുന്ന വളം ഉപയോഗിക്കും.
സെന്റർ ഫോർ ഹെറിറ്റേജ്, എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് (സിഹെഡ്) പരിപാലിക്കുന്ന പാർക്കുകളിലെ ആവശ്യത്തിന് കലൂർ മണപ്പാട്ടിപ്പറമ്പിൽ പ്രവർത്തിക്കുന്ന ജൈവമാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ നിന്ന് വളം ലഭ്യമാക്കി തുടങ്ങി. ആദ്യഘട്ടത്തിൽ സുഭാഷ് പാർക്കിലാണ് വളം ഉപയോഗിക്കുക. സിഹെഡിന് പരിപാലന ചുമതലയുള്ള കുന്നറ പാർക്ക്, പനമ്പിള്ളി നഗർ കോയിത്തറ പാർക്ക്, പച്ചാളം മൈത്രി നഗർ പാർക്ക്, കണിയാമ്പുഴ പാർക്ക് എന്നിവിടങ്ങളിലും വളം ഉപയോഗിച്ച് തുടങ്ങി.
ഈ പാർക്കുകളിലെ ചെടികൾക്കിടാൻ പ്രതിദിനം 50-60 കിലോഗ്രാം ജൈവവളം ആവശ്യമാണ്. കിലോയ്ക്ക് 5 രൂപ നിരക്കിലാണ് മുമ്പ് വാങ്ങിയിരുന്നത്. ഇതോടെ ചെലവ് കുറയ്ക്കാനാകും. പുതിയ സാങ്കേതികവിദ്യയിലാണു മണപ്പാട്ടിപ്പറമ്പിലെ പ്ലാന്റ് പ്രവർത്തിക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന ജൈവവളം പരീക്ഷണാടിസ്ഥാനത്തിലാണ് സുഭാഷ് പാർക്കിൽ. രണ്ടാഴ്ച കൂടുമ്പോഴാണ് പാർക്കുകളിലേക്ക് വളം ഉപയോഗിക്കുന്നത്. ഏറ്റവും കൂടുതൽ വളം ആവശ്യം സുഭാഷ് പാർക്കിലാണ്. കലൂർ സൗത്ത് ഡിവിഷനിലെ ഭക്ഷണ മാലിന്യമാണ് ഇവിടെ വളമായി മാറ്റുന്നത്.
12 ദിവസത്തിൽ വളം
വികേന്ദ്രീകരണ മാലിന്യ സംസ്‌കരണത്തിന്റെ വിജയമാണ് മണപ്പാട്ടി പറമ്പിലെ ബയോ ഡൈജസ്റ്റർ.
വൈദ്യുതി സഹായത്താൽ പ്രവർത്തിക്കുന്ന ഓർഗാനിക്‌വേസ്റ്റ് കമ്പോസ്റ്റർ യന്ത്രത്തിൽ ചകിരിചോറും അറക്കാപൊടിയും ഇനോക്കുലവുമായി ചേർത്തിളക്കുന്ന 3040 കിലോ മാലിന്യം 15 മിനിറ്റിനുള്ളിൽ പരുവപ്പെടുത്തിയെടക്കാം. പിന്നീട് പ്രത്യേകം പെട്ടികളിലാക്കി 10-12 ദിവസം സൂക്ഷിച്ച് പൊടിച്ചെടുത്ത് വളമാക്കാം.
വളം ബ്രാൻഡാക്കും
പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വളം ബ്രാന്റാക്കി വില്ക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുകയാണ്. പാക്ക് ചെയ്ത് കോർപ്പറേഷന്റെ സീലോട് കൂടിയായിരിക്കും വളം വില്ക്കുക്കുക. നിരക്ക് തീരുമാനമായിട്ടില്ല.
ജൈവവളം ആദ്യം ശാസ്ത്രീയ പരിശോധനയ്ക്കയച്ചിരുന്നു. തൃപ്തികരമായ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് പാർക്കുകളിലേക്ക് ഉപയോഗിക്കുന്നത്
അഡ്വ. എം. അനിൽകുമാർ
മേയർ