dk-sivakumar
നെടുമ്പാശേരി വിമാനത്താവളത്തിൽ കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാർ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു

നെടുമ്പാശേരി: ഇന്ത്യയെ ഒരുമിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് പ്രസ്ഥാനവും ഗാന്ധി കുടുംബവും എക്കാലവും പരിശ്രമിച്ചിട്ടുള്ളതെന്നും തെക്കേ ഇന്ത്യ രാജ്യത്തിന് നൽകിയ സംഭാവനകളെ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രിക്ക് ഒരു വിവരവുമില്ലെന്നും കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റിദ്ധാരണകൾ പരത്തി വോട്ട് നേടാൻ പ്രധാനമന്ത്രി ശ്രമിക്കുമ്പോൾ ദക്ഷിണേന്ത്യയിലെ ജനങ്ങൾ അതിനെ പുച്ഛിച്ച് തള്ളും. കോൺഗ്രസിന്റെ പ്രകടനപത്രിക മതേതരത്വത്തിനും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും വളർച്ചക്കും ഉന്നമനത്തിനുമാണ് പ്രാധാന്യം നൽകുന്നത്. ഇന്ത്യാ മുന്നണി വലിയ വിജയത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എമാരായ അൻവർ സാദത്ത് , റോജി എം. ജോൺ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.