കൊച്ചി: അവധി ദിവസത്തിലും വോട്ട് ഉറപ്പിച്ച് എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ. കുമ്പളങ്ങി, ചെല്ലാനം, കണ്ണമാലി, തോപ്പുംപടി, പള്ളുരുത്തി നോർത്ത് മണ്ഡലം കമ്മിറ്റികൾക്ക് കീഴിലെ അമ്പതിലേറെ കേന്ദ്രങ്ങളിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ പര്യടനം. കുമ്പളങ്ങി ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ നിന്നായിരുന്നു ഇന്നലത്തെ വാഹന പര്യടനം ആരംഭിച്ചത്. തുടർന്ന് കോയ ബസാർ, എട്ടുങ്കൽ തുടങ്ങി പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കുളക്കടവിൽ സമാപിച്ചു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈനിന്റെ പര്യടനം പുത്തൻവേലിക്കര തേലത്തുരുത്തിൽ നിന്നാരംഭിച്ചു.

പുത്തൻവേലിക്കര പഞ്ചായത്തിലെ 23 കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം വലിയ പഴംപിള്ളി, പാലിയം നട, ജന്മനാടായ ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളി, കടൽവാതുരുത്ത്, വടക്കേക്കര പഞ്ചായത്തിന്റെ ചില പ്രദേശങ്ങൾ, ചിറ്റാറ്റുകര പഞ്ചായത്ത്, പറവൂർ നഗരസഭ എന്നിവിടങ്ങളിൽ പര്യടനം നടത്തി.

കലൂർ, വടുതല, തേവര എന്നിവിടങ്ങളിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ്. രാധാകൃഷ്ണന്റെ പര്യടനം.
രാവിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു പര്യടനം ആരംഭിച്ചത്. തുടർന്ന് കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെത്തി ഭക്തജനങ്ങളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ജി.സി.ഡി.എ കോളനി, അബേദ്കർ നഗർ, വടുതല ഡോൺ ബോസ്‌കോ ചർച്ച്, വടുതല പള്ളിക്കാവ് ക്ഷേത്രം, പച്ചാളം ചാത്യത്ത് ചർച്ച് എന്നിവിടങ്ങളിലും സന്ദർശനം നടത്തി. തേവര മട്ടമ്മേൽ എസ്.എൻ.ഡി.പി ശാഖയുടെ സുബ്രഹ്മണ്യ ക്ഷേത്രം, തേവര സേക്രഡ് ഹാർട്ട് മൊണസ്ട്രി എന്നിവിടങ്ങളും സന്ദർശിച്ചു. പച്ചാളം ഷൺമുഖവിലാസംസഭ കുടുംബ സംഗമത്തിൽ പങ്കെടുത്തു. വടുതല ജെട്ടി റോഡ് പള്ളിക്കാവ് ക്ഷേത്രം, വടുതല വിശുദ്ധ സെബാസ്ത്യാനോസിന്റെ ഊട്ട് സദ്യ കേന്ദ്രം എന്നിവിടങ്ങളിലും സന്ദർശിച്ചു.
വാഹനത്തിലുള്ള സ്ഥാനാർത്ഥിയുടെ പര്യടനം കിഴക്കേക്കോട്ടയിൽ നിന്ന് ആരംഭിച്ച് സ്റ്റാച്യു ജംഗ്ഷനിൽ സമാപിച്ചു.