കൊച്ചി: മദ്യപിക്കുന്നതിന് പണം നൽകാതിരുന്നതിന്റെ വൈരാഗ്യത്തിൽ മട്ടാഞ്ചേരി സ്വദേശിയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി ജിനു കൃഷ്ണൻ (49) മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായി. കൂവപ്പാടത്ത് താമസിക്കുന്ന ശെൽവനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. മദ്യപിക്കുന്നതിന് പണം കൊടുക്കാതിരുന്നതിന്റെ വിരോധത്തിൽ കൂവപ്പാടം മാർക്കറ്റിനുള്ളിൽ ഇരുമ്പ് വടികൊണ്ട് ശെൽവനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശെൽവൻ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി കൂവപ്പാടത്ത് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു.