nn

കൊച്ചി: മുൻ ഡി.ഐ.ജി പി.എം. കുഞ്ഞിമൊയ്‌തീന്റെ ഡയറിക്കുറിപ്പുകളിൽ നിന്ന് മകൻ ത്രില്ലർ സിനിമ ഒരുക്കുന്നു. സങ്കീർണമായ ഒരു തിരോധാനക്കേസുമായി ബന്ധപ്പെട്ട സൂചനകളെ അടിസ്ഥാനമാക്കിയാണ് സംവിധായകനും നടനുമായ മകൻ എം.എ. നിഷാദ് സിനിമ ഒരുക്കുന്നത്.

കേസന്വേഷണത്തെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കി സൂക്ഷിക്കുക കുഞ്ഞിമൊയ്‌തീന്റെ പതിവായിരുന്നു. തിരോധാനക്കേസിൽ കാണാതായ വ്യക്തി എവിടേയ്ക്ക്, എങ്ങനെ, എന്തിന് അപ്രത്യക്ഷനാകാമെന്ന സാദ്ധ്യതകളാണ് ഡയറിയിൽ കുറിച്ചത്. ഇതു വായിച്ച നിഷാദ് സിനിമയുടെ സാദ്ധ്യത തിരിച്ചറിഞ്ഞു. സമാനമായ മറ്റു ചില കേസുകളും ഉൾപ്പെ‌‌ടുത്തി കുറ്റാന്വേഷണ സിനിമയുടെ തിരക്കഥ ഒരുക്കി. സിനിമയുടെ പേരും അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങളും ഈ മാസം 12ന് പുറത്തുവിടും.

 ക്ളാസെടുക്കാൻ ബെഹ്‌റ

പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടന്മാർക്ക് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, റിട്ട. ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസ് എന്നിവർ പരിശീലനം നൽകും. പൊലീസിന്റെ പെരുമാറ്റം ഉൾപ്പെടെ യഥാർത്ഥമായി ഒരുക്കാനാണ് ക്ളാസ്. കെ.വി. അബ്ദുൾ നാസറാണ് സിനിമയുടെ നിർമ്മാതാവ്.

 പി.എം. കുഞ്ഞിമൊയ്‌തീൻ

ദീർഘകാലം ക്രൈംബ്രാഞ്ചിലും ഇടുക്കിയിലും എസ്.പിയായിരുന്ന കുഞ്ഞിമൊയ്‌തീൻ ഡി.ഐ.ജിയായി വിരമിച്ചു. സങ്കീർണമായ കേസുകളിലെ അന്വേഷണ മികവായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ രണ്ടു തവണ നേടി. 'എന്റെ പൊലീസ് ദിനങ്ങൾ" എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. തൃക്കാക്കരയിൽ വിശ്രമജീവിതത്തിലാണിപ്പോൾ.