
കൊച്ചി: 26 വർഷം മുൻപ് ഭർത്താവ് രാജേന്ദ്രൻ മരിച്ചതോടെ രണ്ട് പെൺമക്കളുമായി പകച്ചു നിന്ന പ്രീഡിഗ്രിക്കാരി സി.എൻ.ബിന്ദു ഇന്ന് മാസം കുറഞ്ഞത് 30,000 രൂപ ലാഭമുണ്ടാക്കുന്ന ബിസിനസുകാരിയാണ്. നഗരത്തിലെ വാടകക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, കാക്കനാട് അമ്പാടിമൂലയിൽ തുടങ്ങിയ എ.സി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് സെക്കൻഡ് സെയിൽ സ്ഥാപനമാണ് ഈ 55കാരിയുടെ ജീവിതത്തിന് കരുത്ത്. പാലാരിവട്ടം, കാക്കനാട്, കളമശേരി, ഇടപ്പള്ളി പ്രദേശങ്ങളിൽ വാടകയ്ക്ക് താമസിക്കാനെത്തുന്നവർ സെക്കൻഡ് സാധനങ്ങൾ വാങ്ങുമെന്ന ബിന്ദുവിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല.
ഭർത്താവ് മരിച്ചതോടെ ബിന്ദു എറണാകുളത്തെ സി.എ ഓഫീസിലും മെഡിക്കൽ ഷോപ്പിലും പണിയെടുത്തു. പച്ചക്കറി വാങ്ങി നുറുക്കി പായ്ക്കറ്റുകളിലാക്കി ഫ്ളാറ്റുകളിൽ വില്പന നടത്തിയതുൾപ്പെടെ പല ജോലികൾ ചെയ്ത് മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകി. മൂത്തമകൾ ശ്രുതി തൃക്കാക്കര ഭാരതമാതാ കോളേജിലെ ലൈബ്രറിയിൽ ജോലി ചെയ്യുന്നു. ഇളയ മകൾ അപർണ യു.കെയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. അപർണയെ യു.കെയ്ക്ക് വിടുന്നതിനുള്ള തുക കണ്ടെത്താനുൾപ്പെടെ ഈ സംരംഭം താങ്ങായി.
പത്ത് വർഷം മുൻപ് എറണാകുളം നോർത്തിലെ ഹോം അപ്ലൈയൻസസ് നന്നാക്കുന്ന കടയിൽ ജോലി നോക്കിയിരുന്നു. അവിടെ നിന്ന് എ.സിയുടെയും വാഷിംഗ് മെഷീനിന്റെയും ഫ്രിഡ്ജിന്റെയും മെക്കാനിസം പഠിച്ചെടുത്തു. 2019ലാണ് ഇവയുടെ സെക്കൻഡ് സെയിൽ തുടങ്ങിയത്. വാടകയ്ക്ക് താമസിക്കുന്ന അമ്പാടിമൂലയിലെ വീട്ടിൽ ഇതിനുള്ള സൗകര്യമൊരുക്കി. കാക്കനാട്ടും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഉപയോഗിച്ച ഹോം അപ്ലൈയൻസസ് ശേഖരിക്കും.
മാസം 30,000 ലാഭം
ഫ്രിഡ്ജ് 3,000 മുതൽ 4,000 വരെ രൂപ നൽകി വാങ്ങും. 3,500 മുതൽ 7,500 വരെ രൂപയ്ക്ക് വിൽക്കും. വാഷിംഗ് മെഷീൻ സെമി ഓട്ടോമാറ്റിക് 4,000- 4,500, ഫുൾ ഓട്ടോമാറ്റിക് 6,000- 6,500 എന്നിങ്ങനെയാണ് വില്പന വില. എ.സിക്ക് 10,000 രൂപ വരെ. വാഹനക്കൂലിയും ടെക്നീഷ്യനുള്ള തുകയും ഉൾപ്പെടെ ചെലവുകളെല്ലാം കഴിഞ്ഞ് മാസം കുറഞ്ഞത് 30,000 രൂപ ലാഭമുണ്ട്.
ഉറച്ചമനസുണ്ടെങ്കിൽ ഏതു സംരംഭവും വിജയത്തിലെത്തിക്കാം.
-ബിന്ദു