കൂത്താട്ടുകുളം: ഇലക്ട്രൽ ബോണ്ട് വഴി വൻതോതിൽ കള്ളപ്പണം വെളുപ്പിക്കലാണ് രാജ്യത്ത് നടന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൂത്താട്ടുകുളം ടൗൺ ഹാളിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് കോടിയിലേറെ ബിജെപിക്ക് കിട്ടിയപ്പോൾ 1900 കോടിയോളം വാങ്ങി കോൺഗ്രസും ഇതിൽ പങ്കാളിയായി. മുപ്പതിനായിരം കോടി നഷ്ടമുണ്ടെന്ന് പറഞ്ഞ കമ്പനികൾ വരെ ഇലക്ട്രൽ ബോണ്ട് സംഭാവന നൽകി. നൽകാത്ത കമ്പനികളിൽ ഇ ഡി റെയ്ഡുകൾ നടന്നുവെന്നും എം.എ. ബേബി പറഞ്ഞു. എൽ.ഡി.എഫ് മണ്ഡലം ചെയർമാർ കെ.എൻ. ഗോപി അധ്യക്ഷനായി. അഡ്വ. കെ. അനിൽകുമാർ, അഡ്വ. വി.ബി. ബിനു, എം.സി. സുരേന്ദ്രൻ, പി.ബി. രതീഷ്, എം.ജെ. ജേക്കബ്, ജോണി നെല്ലൂർ, കെ. ചന്ദ്രശേഖരൻ, ടോമി കെ. തോമസ്, സോജൻ ജോർജ്, ജോർജ് ചമ്പമല ,കെ.പി. സലിം, സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, എം. എം. അശോകൻ, എ. എസ്. രാജൻ, നഗരസഭ അധ്യക്ഷ വിജയ ശിവൻ എന്നിവർ പങ്കെടുത്തു.