കൊച്ചി: സ്വതന്ത്രർക്കും ചിഹ്നം ലഭിച്ച് മത്സരചിത്രം തെളിഞ്ഞതോടെ ചാലക്കുടിയിലും പ്രചാരണത്തിന് ആവേശം. ആറു പാർട്ടി സ്ഥാനാർത്ഥികളും അഞ്ച് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്. ട്വന്റി 20 പാർട്ടിക്ക് ഓട്ടോറിക്ഷയാണ് ചിഹ്നം. മുന്നണി സ്ഥാനാർത്ഥികൾ പൊതുപര്യടനം ആവേശത്തോടെ തുടരുകയാണ്.
എൽ.ഡി.എഫ് ചാലക്കുടി മേഖലയിൽ
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് ചാലക്കുടി നഗരസഭ, പഞ്ചായത്തുകളായ കൊടകര, കോടശേരി, പരിയാരം, മേല്ലൂർ, കൊരട്ടി, കാടുകുറ്റി മേഖലകളിൽ പൊതുപര്യടനം നടത്തി. ചാലക്കുടി ഐ.ടി.ഐയിൽ നിന്നാരംഭിച്ച പര്യടനത്തിന് 30 ലധികം സ്ഥലങ്ങളിൽ സ്വീകരണം നൽകി.
വി.ആർ പുരത്ത് പ്രചാരണ കുടിലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉറുമ്പൻകുന്നിൽ അരിവാൾ കുട നൽകിയാണ് പ്രവർത്തകർ സ്വീകരിച്ചത്. നാടുകുന്നിൽ പി.കെ ഉണ്ണികൃഷ്ണൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.
മുൻ എം.എൽ.എമാരായ ബി.ഡി ദേവസി, എ.കെ ചന്ദ്രൻ, സി.പി.എം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.വി. ജോഫി, കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡെന്നിസ് കെ. ആന്റണി, സംസ്ഥാന കമ്മിറ്റി അംഗം പി.ഐ. മാത്യു എന്നിവർ പങ്കെടുത്തു. ഇന്ന് അങ്കമാലി മണ്ഡലത്തിൽ പര്യടനം നടത്തും.
യു.ഡി.എഫ് കാലടി മേഖലയിൽ
യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ സുപരിചിതമായ കാലടി മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. കെട്ടിപ്പിടിച്ചും മുത്തം കൊടുത്തുമാണ് കുട്ടികളും മുതിർന്ന വോട്ടർമാരും ബെന്നി ബഹനാനെ വരവേറ്റത്. ജനങ്ങളുടെ സ്‌നേഹവായ്പുകളാണ് കൊടുംചൂടിലും തളരാതെ മുന്നോട്ടുള്ള പ്രയാണത്തിന് തുണയാകുന്നതെന്ന് സ്ഥാനാർത്ഥി പറഞ്ഞു. കാലടി ബ്ലോക്കിൽ നിന്നാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. നീലീശ്വരം, മലയാറ്റൂർ, കാടപ്പാറ, കൊല്ലങ്കോട് മേഖലകൾ സന്ദർശിച്ച് വടക്കുംഭാഗത്തായിരുന്നു സമാപനം.
ഇന്ന് പരിയാരം ബ്ലോക്കിലാണ് ബെന്നി ബഹനാന്റെ പൊതുപര്യടനം. രാവിലെ 7.30ന് ചൗക്ക സെൻട്രലിൽ ആരംഭിച്ച് മേലൂർ ജംഗ്ഷനിൽ സമാപിക്കും.
എൻ.ഡി.എ ആലുവയിൽ
എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്‌ണൻ ആലുവ നിയമസഭാ മണ്ഡലത്തിൽ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളിലുമാണ് പര്യടനം നടത്തിയത്. പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസിനെയും സെന്റ് സേവ്യേഴ്സ് കോളേജും കീഴ്‌മാട് ഖാദി സഹകരണ സംഘം, കുറുമ്പക്കാവ് ക്ഷേത്രം, ശ്രീനാരായണഗിരി, നെടുമ്പാശേരി എന്നിവടങ്ങളിൽ സ്ഥാപനങ്ങളും സന്ദർശിച്ചു. ഇന്ന് കൈപ്പമംഗലം, പെരുമ്പാവൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തും.
ട്വന്റി 20 കുന്നത്തുനാട്ടിൽ
ട്വന്റി 20 പാർട്ടി സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ കുന്നത്തുനാട്, വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളിൽ പര്യടനം നടത്തി. എരുമേലി പഞ്ചായത്തിൽ ആരംഭിച്ച പര്യടനം, പളളിക്കര, മോറക്കാല, പറക്കോട്, പട്ടിമറ്റം, പഴന്തോട്ടം, അമ്പലപ്പടി, കരിമുകൾ, പെരിങ്ങാല, കാണിനാട്, വടയമ്പാത്തുമല, പുത്തൻകുരിശ്, ബ്രഹ്മപുരം മെമ്പർപടി, വരിക്കോലി എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഇന്ന് കൊടുങ്ങല്ലൂർ മണ്ഡലത്തിലാണ് പര്യടനം.