കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ മേയ് 27ന് പ്രാഥമിക വാദം തുടങ്ങും. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയിലാണ് വിചാരണയ്‌ക്ക് മുന്നോടിയായുള്ള പ്രാഥമികവാദം. കേസിന്റെ കുറ്റപത്രമടക്കം പത്തിലേറെ രേഖകൾ കോടതിയിൽ നിന്ന് കാണാതായതിനെ തുടർന്ന് പ്രോസിക്യൂഷൻ അവ പുന:സൃഷ്ടിച്ചിരുന്നു. ഇവ കോടതി അംഗീകരിച്ചു. മൂന്നു രേഖകളുടെ പകർപ്പ് ലഭ്യമായിട്ടില്ലെന്ന്, പുന:സൃഷ്ടിച്ച രേഖകളുടെ പരിശോധനാസമയത്ത് പ്രതിഭാഗം പരാതിപ്പെട്ടിരുന്നു. വിചാരണവേളയിൽ ഈ രേഖകൾ ഹാജരാക്കാനാകുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 2018 ജൂലായ് രണ്ടിനാണ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. ഗൂഢാലോചന നടത്തിയവരടക്കം
കേസിൽ 26 പ്രതികളുണ്ട്; 125 സാക്ഷികളും.