പെരുമ്പാവൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ പട്ടികജാതി-പട്ടികവർഗ ദുർബല ജനവിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി സംഘടനാ നേതാക്കൾ സ്ഥാനാർത്ഥികൾക്കും രാഷ്ട്രിയ പാർട്ടിക ൾക്കും തുറന്ന കത്തായ ദുർബല ജനപ്ര കടനപത്രിക പുറത്തിറക്കി.
രാജ്യത്ത് മുഴുവൻ ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് ദേശീയ ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കുക, ദാരിദ്ര്യരേഖക്ക് താഴേയുള്ള മുഴുവൻ ദരിദ്രകുടുംബങ്ങളുടേയും കടബാധ്യതകൾ എഴുതിതള്ളി ജപ്തി നടപടികൾ ഒഴിവാക്കണം,​ നിലവിലുള്ള പട്ടികജാതിക്കാരുടെ ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ കൂടുതൽ സമുദായങ്ങളെ പട്ടികജാതി ലിസ്റ്റിൽ ചേർക്കാതിരിക്കുക, ജനവിരുദ്ധമായ സർഫാസി നിയമം റദ്ദുചെയ്യുക തുടങ്ങി 20 ഇന ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഡോ: അംബേദ്കർ സാംസ്ക്കാരിക വേദി പ്രസിഡന്റ് ശിവൻകദളി, എസ്.സി-എസ്.ടി കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എം.എ. കൃഷ്ണൻകുട്ടി,​ കൺവീനർ കെ.ഐ.കൃഷ്ണൻകുട്ടി,സാമ്പത്തിക നീതി കർമ്മസമിതി കൺവീനർ പ്രദീപ് കുട്ടപ്പൻ എന്നിവരാണ് ദുർബല ജന പ്രകടനപത്രിക പുറത്തിറക്കിയത്.