
കൊച്ചി: പാലക്കാട് ആലത്തൂർ സ്റ്റേഷനിൽ അഭിഭാഷകനോട് തട്ടിക്കയറിയ എസ്.ഐക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് കൂടുതൽ സമയം അനുവദിച്ചു. വിഷയം വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടപടി സംബന്ധിച്ച റിപ്പോർട്ട് ഇതിനകം സമർപ്പിക്കാനും നിർദ്ദേശിച്ചു.
അപകടത്തിൽപ്പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഡ്വ. അക്വിബ് സുഹൈലിനോട് എസ്.ഐ വി.ആർ. റെനീഷ് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. തുടർന്ന് റെനീഷിനെ സ്ഥലം മാറ്റിയിരുന്നു.
പെൻഷൻകാർ മോദിയെയും പിണറായിയേയും
പാഠം പഠിപ്പിക്കും: എം.എം. ഹസൻ
തിരുവനന്തപുരം: ക്ഷേമപെൻഷൻ നിഷേധിക്കപ്പെട്ട 62 ലക്ഷം പേർ തിരഞ്ഞെടുപ്പിൽ മോദിയുടെയും പിണറായിയുടെയും അഹന്തയ്ക്ക് അന്ത്യം കുറിക്കുമെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. 8000 രൂപയുടെ ക്ഷേമപെൻഷൻ കൊടുക്കാനുള്ളപ്പോഴാണ് 3200 കൊടുത്തത് വലിയ സംഭവമായി മുഖ്യമന്ത്രി പിണറായി വിജയൻ കൊണ്ടാടുന്നത്. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.
സർക്കാരിന്റെയും പാർട്ടിയുടെയും ആർഭാടത്തിന് ഒരു മുടക്കവും ഇല്ലാത്തപ്പോഴാണ് പാവപ്പെട്ടവരുടെ വിഷുവും ഈസ്റ്ററും റംസാനും കണ്ണീരിലാഴ്ത്തിയത്. ഇലക്ട്രൽ ബോണ്ടിലൂടെയും സഹകരണ ബാങ്ക് തട്ടിപ്പുകളിലൂടെയും സമാഹരിച്ച കോടികൾ ബി.ജെ.പിയും സി.പി.എമ്മും മത്സരിച്ച് തിരഞ്ഞെടുപ്പിൽ ഒഴുക്കുന്നതിനിടയിൽ ക്ഷേമപെൻഷൻകാരെ ഇരുകൂട്ടരും മറന്നു. സി.പി.എം ഭരിക്കുന്ന സഹകരണബാങ്കിൽ നിന്ന് നിക്ഷേപം തിരികെ കിട്ടാൻ ഇടത് എം.പി സന്തോഷ് കുമാറിന്റെ സഹോദരി വരെ സമരം ചെയ്യുകയാണ്. സർക്കാർ പണം നൽകാത്തതിനാൽ മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചുവേളി - ബാംഗ്ളൂർ അവധിക്കാല സ്പെഷ്യൽ ട്രെയിൻ ഇന്നുമുതൽ
തിരുവനന്തപുരം:കൊച്ചുവേളിയിൽ നിന്ന്കൊല്ലം,കായംകുളം,മാവേലിക്കര,ചെങ്ങന്നൂർ,തിരുവല്ല,ചങ്ങനാശേരി,കോട്ടയം,എറണാകുളം,ആലുവ,തിരുപ്പൂർ,ഇൗറോഡ്,സേലം,ബംഗാർപേട്ട്,കെ.ആർ പുരം വഴി ബാംഗ്ളൂരിലേക്ക് അവധിക്കാല സ്പെഷ്യൽ ട്രെയിൻ സർവ്വീസ് ഇന്ന് ആരംഭിക്കും.മേയ് 28വരെ ചൊവ്വാഴ്ചകളിൽ വൈകിട്ട് 6.05ന് കൊച്ചുവേളിയിലും മേയ് 29വരെ ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45ന് ബാംഗ്ളൂരിലും നിന്നാണ് സർവ്വീസ്.ബാംഗ്ളൂരിൽ എത്തിച്ചേരുന്ന സമയം രാവിലെ 10.55. കൊച്ചുവേളിയിൽ എത്തിച്ചേരുന്നത് രാവിലെ 6.45ന്. ട്രെയിൻ നമ്പർ.06083/06084.മൂന്ന് സ്ളീപ്പർ കോച്ചുകളും 16 തേർഡ് എ.സി.കോച്ചുകളുമാണുള്ളത്.