
കൊച്ചി: ആർട്ടിക് മേഖലയിലെ ആദ്യ ശീതകാല പര്യവേഷണത്തിൽ ഇടംപിടിച്ച് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ നേതൃത്വത്തിൽ നടന്ന പര്യവേഷണ സംഘത്തിൽ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. ജിപ്‌സൺ ഇടപ്പഴമാണ് പങ്കെടുത്തത്. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച പര്യവേഷണത്തിന്റെ നാലാം ബാച്ചിലെ സംഘാംഗമാണ് അദ്ദേഹം.
നോർവേയിലെ അലെസുണ്ടിലുള്ള ഇന്ത്യയുടെ രാജ്യാന്തര ഗവേഷണ കേന്ദ്രമായ 'ഹിമാദ്രിയിൽ ' ഒരു മാസം ചെലവഴിച്ചാണ് പര്യവേഷണം പൂർത്തീകരിച്ചത്. 2007 മുതൽ നടക്കുന്ന ആർട്ടിക് പര്യവേഷണത്തിന്റെ തുടർച്ചയായി പഠന, ഗവേഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വിന്റർ മിഷന് തുടക്കമിട്ടത്.
കാലാവസ്ഥാ വ്യതിയാനം മൂലം ആർട്ടിക് സമുദ്രത്തിലെ മൃഗങ്ങളുടെ കൂട്ടപലായനത്തിന്റെ വ്യാപ്തി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വിലയിരുത്തുന്ന പദ്ധതിയിലാണ് ജെയിൻ യൂണിവേഴ്സിറ്റി പങ്കാളിയായത്. പര്യവേഷണ വേളയിൽ തണുത്തുറഞ്ഞ ആർട്ടിക് സമുദ്രത്തിൽനിന്നും ഷോർട്ട്‌ഹോൺ സ്‌കൽപിൻ (മയോക്സോസെഫാലസ് സ്‌കോർപിയസ്) എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം മത്സ്യത്തെ പിടികൂടാൻ സാധിച്ചതായി ഡോ. ജിപ്സൺ ഇടപ്പഴം പറഞ്ഞു. പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനിലയിൽ ഈ മത്സ്യത്തിന് ജീവിക്കാൻ സാധിക്കുന്നത് ആന്റി ഫ്രീസ് പ്രോട്ടീനുകൾ ഉള്ളതിനാലാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ ആർട്ടിക് സമുദ്രത്തിലെ ജീവികളെ ശാസ്ത്രീയമായി തിരിച്ചറിയുന്നതിനും ഡാറ്റാ നിർമ്മിക്കുന്നതിനുള്ള എ.ഐ അൽഗോരിതം വിജയകരമായി വികസിപ്പിച്ച് ഇതു സംബന്ധിച്ച റിപ്പോർട്ട് അന്താരാഷ്ട്ര ജേർണലായ ചെക് പോളാർ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചെന്നും ഗവേഷക സംഘം പറയുന്നു.