സ്ഥാനാർത്ഥികളുടെ വാഹനപര്യടനത്തിന് വൻസ്വീകരണം
കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും ട്വന്റി-20 സ്ഥാനാർത്ഥിയും വാഹനപര്യടനം സജീവമാക്കിയതോടെ നാട്ടിലെങ്ങും ഉത്സവ പ്രതീതി. ബാന്റുമേളത്തിന്റെയും ചെണ്ടമേളത്തിന്റെയും നാടൻ കലാരൂപങ്ങളുടെയും പ്രകടനങ്ങളുടെയും ബൈക്ക് റാലികളുടെയും അകമ്പടിയോടെയാണ് പലയിടത്തും സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ അഴീക്കലിൽ നിന്നാണ് തിങ്കളാഴ്ചത്തെ പര്യടനം ആരംഭിച്ചത്.
വൈപ്പിൻ മണ്ഡലത്തിലെ പൊതുപര്യടനം എൽ.ഡി.എഫ് പാർലമെന്റ് മണ്ഡലം ചെയർമാൻ കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു.
പുതുവൈപ്പ് യൂണിവേഴ്‌സിറ്റി ജംഗ്ഷൻ, കോച്ചൻമുക്ക്, പുതുവൈപ്പ് ജംഗ്ഷൻ എന്നിവിടങ്ങളിലും വളപ്പ് ജംഗ്ഷൻ, വളപ്പ് ബീച്ച്, ചാപ്പകടപ്പുറം, എളങ്കുന്നപ്പുഴ നട, കിഴക്കേനട എന്നിവിടങ്ങളിലും സ്വീകരണം നൽകി.
എളങ്കുന്നപ്പുഴയിലെ പര്യടനം മാലിപ്പുറം ജംഗ്ഷനിൽ സമാപിച്ചു. ഞാറക്കലിൽ ഇരുമ്പുപാലത്തുനിന്നാരംഭിച്ച പര്യടനം ആശുപത്രത്തിപ്പടിയിൽ സമാപിച്ചു. വൈകിട്ട് നായരമ്പലം, കുഴുപ്പിള്ളി മേഖലകളിലും സ്ഥാനാർത്ഥിയെത്തി.
തൃപ്പൂണിത്തുറയിൽ ഹൈബിക്ക് വൻ വരവേൽപ്
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ വാഹന പര്യടനം ഇന്നലെ തൃപ്പൂണിത്തുറ മേഖല കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ പര്യടനം. കണ്ടനാട് കവലയിൽ രാവിലെ കെ.ബാബു എം.എൽ.എയാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. മുപ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കിഴക്കേക്കോട്ടയിലാണ് ഉച്ചയ്ക്ക് വാഹന പര്യടനം സമാപിച്ചത്. ചൂരക്കാട് നിന്നാണ് ഉച്ചയ്ക്ക് ശേഷമുള്ള സ്വീകരണ പരിപാടികൾ ആരംഭിച്ചത്. ഏരൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം മരട് മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള മുപ്പതിലേറെ കേന്ദ്രങ്ങളിലും ഹൈബിക്ക് സ്വീകരണം നൽകി.
മരട് കൊട്ടാരം ജംഗ്ഷൻ, കുണ്ടന്നൂർ, നെട്ടൂർ പഴയ ജുമാമസ്ജിദ്, നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം വൻ വരവേൽപാണ് ലഭിച്ചത്. താനപ്പറമ്പ് ധന്യ ജംഗ്ഷനിലാണ് ഇന്നലത്തെ സ്വീകരണ പരിപാടികൾ സമാപിച്ചത്.
കെ.എസ്. രാധാകൃഷ്ണൻ പശ്ചിമകൊച്ചിയിൽ
തോപ്പുംപടി പ്യാരി ജംഗ്ഷനിൽ നിന്നുമാണ് എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ വാഹന പര്യടനം ആരംഭിച്ചത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പ്യാരി ജംഗ്ഷനിൽ നിന്നും ആരംഭിച്ച വാഹന പര്യടനം മുണ്ടംവേലി നേവിനഗർ, കണ്ണമാലി എ.ടി.ഡി. ജംഗ്ഷൻ, കണ്ടക്കടവ് ജംഗ്ഷൻ, ഗൊണ്ട് പറമ്പ്, സൗത്ത് ചെല്ലാനം, കുമ്പളങ്ങി സൗത്ത്, ഇല്ലിക്കൽ ജംഗ്ഷൻ, നോർത്ത് കുമ്പളങ്ങി, എസ്.വി.ഡി. ജംഗ്ഷൻ പള്ളുരുത്തി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പള്ളുരുത്തി വാര്യം ജംഗ്ഷനിൽ സമാപിച്ചു.
അഡ്വ. ആന്റണി ജൂഡി തൃപ്പൂണിത്തുറയിൽ
ട്വന്റി-20 പാർട്ടി സ്ഥാനാർത്ഥി അഡ്വ. ആന്റണി ജൂഡിയുടെ വാഹനപര്യടനം തൃപ്പൂണിത്തുറയിൽ നടന്നു. തൃപ്പൂണിത്തുറയിലെ ഇരുമ്പനത്ത് നിന്നും രാവിലെ 9.30ന് ആരംഭിച്ച പ്രചരണ യാത്ര വടക്കേക്കോട്ട, മരട്, കുണ്ടന്നൂർ, ചെമ്പക്കര റോഡ്, തൈക്കൂടം എന്നിവിടങ്ങൾ പിന്നിട്ട് വൈകിട്ട് സമാപിച്ചു.