
കൊച്ചി: ക്ഷേമപെൻഷൻ എപ്പോൾ, എത്ര വിതരണം ചെയ്യണമെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും സാമ്പത്തിക ഞെരുക്കത്തിനിടയിലും സമയബന്ധിതമായി നൽകാൻ ആത്മാർത്ഥശ്രമം നടത്തുന്നുണ്ടെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സ്റ്റാറ്റ്യൂട്ടറി, ഗ്രാറ്റുവിറ്റി പെൻഷൻപോലെ സാമൂഹിക സുരക്ഷ പെൻഷൻ ജനങ്ങളുടെ അവകാശമല്ല. ദുർബല വിഭാഗത്തിന് സർക്കാർ നൽകുന്ന സഹായമാണ്. അതിനാൽ വിതരണം എങ്ങനെ വേണമെന്ന് സർക്കാരിന് തീരുമാനിക്കാം.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ചക്കിട്ടപാറ വളയത്ത് ജോസഫ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ ധനവകുപ്പ് അണ്ടർ സെക്രട്ടറി ജോസ് വി.പേട്ട നൽകിയ എതിർസത്യവാങ്മൂലത്തിലാണ് വിശദീകരണം. ക്ഷേമപെൻഷന് കേന്ദ്രവിഹിതം കുറവാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും 2023 ജൂൺ വരെയുള്ള വിഹിതമാണ് അനുവദിച്ചത്. അതുവരെ കുടിശികയായിരുന്ന 602.14 കോടി ഒക്ടോബറിലാണ് കൈമാറിയതെന്നും വ്യക്തമാക്കി.
രണ്ടുഗഡു പെൻഷൻ വിതരണം ചെയ്യാൻ നടപടിയായെന്ന് സർക്കാർ തിങ്കളാഴ്ച കോടതിയെ അറിയിച്ചിരുന്നു. ഹർജികൾ ജൂൺ 10ന് പരിഗണിക്കും. അഡ്വ. എ.എ. ഷൈബിയടക്കമാണ് ഹർജിക്കാർ. കോടതി സ്വമേധയാ എടുത്ത കേസും നിലവിലുണ്ട്.
ചെലവ് 900 കോടി
കേന്ദ്രം അനുവദിക്കുന്നത് 7 ലക്ഷം ബി.പി.എൽ ഗുണഭോക്താക്കൾക്കുള്ള വിഹിതം മാത്രമെന്നും സത്യവാങ്മൂലം. സംസ്ഥാനം വയോജന, വിധവ, ഭിന്നശേഷി പെൻഷനുകൾ 41 ലക്ഷത്തിലധികം പേർക്ക് നൽകുന്നു
900 കോടി ഈയിനത്തിൽ പ്രതിമാസ ചെലവ്. ക്ഷേമനിധി പെൻഷനുകൾക്ക് 90 കോടി കൂടി കണ്ടെത്തണം. ഒരു വ്യക്തിക്ക് 1600 രൂപയാണ് പ്രതിമാസ പെൻഷൻ. ഇതിൽ കേന്ദ്രവിഹിതം പരമാവധി 500 രൂപ മാത്രം
സാമൂഹിക സുരക്ഷ സെസ് വകമാറ്റിയതാണ് പെൻഷൻ പ്രതിസന്ധിക്കു കാരണമെന്ന വാദം ശരിയല്ല. വിദേശമദ്യ, ഇന്ധനസെസായി കഴിഞ്ഞ നവംബർവരെ പിരിച്ചെടുത്തത് 740 കോടി മാത്രം. 2016 മേയ് മുതൽ സെപ്തംബർ 2023വരെ ചെലവിട്ടത് 52,862 കോടി
പഞ്ചായത്ത് ഡയറക്ടർക്കാണ് കേന്ദ്ര ഫണ്ട് വരുന്നത്. വിനിയോഗിച്ച തുകയ്ക്ക് റീഇംബേഴ്സ്‌മെന്റ് ആവശ്യപ്പെടുമ്പോഴാണ് ഇത് ലഭിക്കുക. ഒപ്പം അടുത്ത വിഹിതത്തിനുള്ള അപേക്ഷയും നൽകാറുണ്ട്. കേന്ദ്രഫണ്ട് കിട്ടാൻ ഒട്ടേറെ ഓർമ്മപ്പെടുത്തലുകൾ വേണ്ടിവരുന്നു
ക്ഷേമപെൻഷൻ വിതരണം തുടങ്ങി
തിരുവനന്തപുരം:സംസ്ഥാനത്ത് സാമൂഹ്യക്ഷേമപെൻഷൻ വിതരണം തുടങ്ങി.വെള്ളിയാഴ്ചയ്ക്ക് മുമ്പ് പൂർത്തിയാക്കും. ക്ഷേമബോർഡുകളുൾപ്പെടെ 62ലക്ഷത്തോളം പേർക്കാണ് 3200രൂപവീതം രണ്ടുമാസത്തെ പെൻഷൻകുടിശിക കിട്ടുക. 2023 ഒക്ടോബർ,നവംബർ മാസത്തെ പെൻഷൻ കുടിശികയാണിപ്പോൾ നൽകുന്നത്. ഡിസംബർ മുതൽ മാർച്ച് വരെ നാലുമാസത്തെ പെൻഷൻകുടിശികയുണ്ട്.