
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് ജില്ലയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്കാണ് (എ.ആർ.ഒ) കളക്ടറേറ്റിലെ ഇലക്ഷൻ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇ.വി.എം), വിവിപാറ്റ് മെഷീനുകൾ തുടങ്ങിയവ കൈമാറുന്നത്.
ആദ്യദിനത്തിൽ പെരുമ്പാവൂർ, കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങളിലെ എ.ആർ.ഒ മാർക്കാണ് വിതരണം ചെയ്തു.
11ന് കോതമംഗലം, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, അങ്കമാലി, ആലുവ, തൃക്കാക്കര മണ്ഡലങ്ങളിലേക്കുള്ളവ വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജെ. മോബി, ഹുസൂർ ശിരസ്തദാർ അനിൽകുമാർ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
14 നിയോജക മണ്ഡലങ്ങൾ
2,748 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും
2,953 വിവിപാറ്റ് മെഷീനുകൾ
പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ടെലിവിഷൻ ചാനലുകൾ, കേബിൾ നെറ്റ് വർക്കുകൾ, സ്വകാര്യ എഫ്.എം ചാനലുകൾ ഉൾപ്പെടെയുള്ള റേഡിയോകൾ, സിനിമാ തിയേറ്ററുകൾ, പൊതുസ്ഥലങ്ങൾ, സമൂഹ മാദ്ധ്യമങ്ങൾ എന്നിവയിൽ നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വാങ്ങണമെന്ന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
അംഗീകൃത പാർട്ടികളുടെ പ്രതിനിധികളും സ്ഥാനാർത്ഥികളും പരസ്യം ചെയ്യുന്നതിന് മൂന്നു ദിവസം മുൻപും മറ്റ് സംഘടനകളോ വ്യക്തികളോ ആണെങ്കിൽ ഏഴു ദിവസം മുമ്പുമാണ് അപേക്ഷിക്കേണ്ടത്. ബൾക്ക് എസ്.എം.എസുകൾക്കും വോയ്സ് മെസേജുകൾക്കും പ്രീ സർട്ടിഫിക്കേഷൻ ആവശ്യമാണ്.
എം.സി.എം.സിയുടെ അംഗീകാരത്തിനായി സമർപ്പിക്കപ്പെടുന്ന പരസ്യങ്ങൾ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനമറിയിക്കും.