* അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്

* വഴിയോരക്കച്ചവടക്കാരൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം മേനക ജംഗ്ഷനിൽ രുദ്രാക്ഷമാലയുടെ വിലയെച്ചൊല്ലി കൈയാങ്കളിയും കത്തിവീശലും. അന്യസംസ്ഥാന തൊഴിലാളിയുടെ കൈയ്ക്ക് മുറിവേറ്റു. ഛത്തീസ്ഗഡ് ഗരിയാബാദ് സ്വദേശി അക്ബർ അലിക്കാണ് (32) പരിക്കേറ്റത്. മേനകയിൽ വർഷങ്ങളായി വഴിയോരക്കച്ചവടം നടത്തുന്ന കാസർകോട് സ്വദേശിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം.

അക്ബർ അലിയും മൂന്ന് സുഹൃത്തുക്കളും അവധിദിവസം ആഘോഷിക്കാൻ നഗരത്തിൽ എത്തിയതായിരുന്നു. മൂവരും മദ്യപിച്ചിരുന്നു. കാഴ്ചകൾകണ്ട് നടക്കുന്നതിനിടെയാണ് രുദ്രാക്ഷമാല ശ്രദ്ധയിൽപ്പെട്ടത്. വിലചോദിച്ച് കാസർകോടുകാരന്റെ അടുത്തേക്ക് ചെന്നു. ആവശ്യപ്പെട്ടതിന്റെ പകുതിവിലയ്ക്ക് നൽകിയാൽ വാങ്ങാമെന്ന് അക്ബർ അലിയും സുഹൃത്തുക്കളും പറഞ്ഞു. ഈ നിരക്കിൽ മാല നൽകാനാവില്ലെന്ന് പറഞ്ഞതോടെ അന്യസംസ്ഥാനത്തൊഴിലാളികൾക്ക് ദേഷ്യമായി.

വിലകുറച്ച് മാലനൽകണമെന്ന് ഇവർ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഈ വിലപേശൽ പിന്നീട് കൈയാങ്കളിയിലേക്ക് വഴിമാറി. ഇതിനിടെ അക്ബർ അലി പ്രതിയെ തള്ളിവീഴ്ത്തി. സമീപത്ത് പാനിപ്പൂരി വിൽക്കുന്ന ഉന്തുവണ്ടിക്ക് സമീപത്തേയ്ക്കാണ് വീണത്. എഴുന്നേറ്റുവന്ന കാസർകോടുകാരൻ അന്യസംസ്ഥാന തൊഴിലാളികളെ ഭയപ്പെടുത്താൻ ഉന്തുവണ്ടിയിലുണ്ടായിരുന്ന കത്തിയെടുത്ത് വീശുകയായിരുന്നു. ഇതിനിടെ അക്ബർ അലിയുടെ കൈയിൽ കൊണ്ടു. അക്ബർ ആശുപത്രിയിൽ ചികിത്സതേടി. മുറിവ് സാരമുള്ളതല്ല. പ്രതിയെ സ്റ്റേഷൻജാമ്യത്തിൽ വിട്ടു.