
കൊച്ചി: മസാല ബോണ്ടിലൂടെ കിഫ്ബി സമാഹരിച്ച പണം ഉപയോഗിച്ചുള്ള ചില ഇടപാടുകളെക്കുറിച്ച് വിശദീകരണം ആവശ്യമാണെന്ന് ഹൈക്കോടതി. കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പു കാലത്ത് ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ശല്യപ്പെടുത്തരുതെന്നും, ജസ്റ്റിസ് ടി.ആർ. രവി ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പിന് ഒരു മാസം പോലുമില്ലെന്നും ഐസക്ക് സ്ഥാനാർത്ഥിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മസാല ബോണ്ട് ഫണ്ട് വിവിധ പദ്ധതികൾക്ക് വിനിയോഗിച്ചതു സംബന്ധിച്ച ഫയൽ ഇ.ഡി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ചില കൈമാറ്റങ്ങളിൽ വ്യക്തത വേണമെന്ന് കോടതി വിലയിരുത്തിയത്. ഇ.ഡി റിപ്പോർട്ടിലെ കാര്യങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്നും സിംഗിൾ ബെഞ്ച് അറിയിച്ചു.ഇ.ഡി സമൻസുകളെ ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഹാജരാകാൻ ഉചിതമായ തീയതി നിശ്ചയിക്കാൻ ഐസക്കിന് നിർദ്ദേശം നൽകണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യവും അനുവദിച്ചില്ല. തിരഞ്ഞെടുപ്പിന് ശേഷം അന്വേഷണ സംഘത്തിന് നിയമപരമായ തീരുമാനമെടുക്കാമെന്നറിയിച്ച കോടതി, ഹർജികൾ മേയ് 22ന് പരിഗണിക്കാൻ മാറ്റി. വ്യക്തത തേടുന്ന ഇടപാടുകളുടെ രേഖകൾ ഇ.ഡിക്ക് ആവശ്യമെങ്കിൽ കിഫ്ബിക്ക് കൈമാറാമെന്നും കോടതി പറഞ്ഞു.
കോടതി വിധി സ്വാഗതാർഹം: തോമസ് ഐസക്ക്
ഇ.ഡിയുടെ നോട്ടീസ് സംബന്ധിച്ച കോടതി വിധി സ്വാഗതാർഹമാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തോമസ് ഐസക്കിനെ ഇ.ഡി ചോദ്യം ചെയ്യരുതെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ പവിത്രത ഉയർത്തിപ്പിക്കുന്നതാണ് കോടതി വിധി. ഫണ്ട് വിനിയോഗത്തിൽ വിശദീകരണം നൽകേണ്ടത് കിഫ്ബിയാണ്. കോടതിവിധിയുടെ പകർപ്പ് കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.