paravur-court-
പറവൂർ കോടതി മൈതാനം

പറവൂർ: പറവൂർ കച്ചേരി മൈതാനിയിൽ പുതിയ കോടതി കെട്ടിട നിർമ്മാണത്തിനായി നൂറ്റിയൊന്ന് സെന്റ് ഭൂമി മൂന്ന് മാസത്തിനുള്ളിൽ ജുഡി​ഷ്യൽ വകുപ്പിന് നൽകുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പുതിയ കോടതി കെട്ടിടം നിർമ്മിക്കാൻ സാധിക്കാത്ത വിധത്തിലുള്ള അമ്പത് സെന്റ് ഭൂമിയാണ് അനുവദിച്ചിരുന്നത്. ഇതിനിടയിൽ പുതിയ ട്രഷറി നിർമ്മിക്കാൻ പതിനഞ്ച് സെന്റ് സ്ഥലം നീക്കിവയ്ക്കുകകൂടി ചെയ്ത സർക്കാർ നടപടി ചോദ്യംചെയ്ത് പറവൂരിലെ അഭിഭാഷകനും ഐ.എ.എൽ സംസ്ഥാന സെക്രട്ടറിയുമായ അയൂബ്ഖാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

നിലവിൽ അനുവദിച്ച അമ്പത് സെന്റിന് പുറമെ ട്രഷറിക്ക് നൽകിയ പതിനഞ്ച് സെന്റും ചേർത്ത് കൂടുതൽ ഭൂമി നൽകാനാണ് കോടതി നിർദേശം. ഇതോടെ പുതിയ കോടതി കെട്ടിടം നിർമ്മിക്കാൻ ഒരേക്കർ ഇരുപത്തിയഞ്ച് സെന്റ് ഭൂമി ലഭിക്കും. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ഹർജി​ക്കാരന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സ്ഥലത്തിന്റെ ലഭ്യതയനുസരിച്ച് കോടതി കെട്ടിടം നിർമിക്കാനാവശ്യമായ നടപടികൾ കൈകൊള്ളാൻ പൊതുമരാമത്ത് വകുപ്പിനോടും കോടതി നിർദ്ദേശിച്ചു.

കോടതി​ സമുച്ചയത്തി​ന്

ഒരു നൂറ്റാണ്ട്

ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള നീതികേന്ദ്രമായ പറവൂരിൽ പന്ത്രണ്ട് കോടതികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പലതും വാടക കെട്ടിടത്തിലാണ്. ഒരു നൂറ്റാണ്ടോളമായി നിലവിലുള്ള കോടതി സമുച്ചയത്തിൽ കാര്യമായ അറ്റകുറ്റപണികൾ നടത്താത്തതിനാൽ പലഭാഗവും കാലപ്പഴക്കത്തിൽ ജീർണാവസ്ഥയിലാണ്.

------------------------------------------------------

അമ്പത് സെന്റ് അനുവദിച്ചത് 2021ൽ

കച്ചേരി മൈതാനിയിലെ കോടതി കെട്ടിടം നിർമ്മിക്കാൻ അമ്പത് സെന്റ് ഭൂമി ജുഡി​ഷ്യൽ വകുപ്പിന് കൈമാറണമെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകിയത് 2021 ഫെബ്രുവരിയിലാണ്. 2011ൽ കെട്ടിട നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും തടസപ്പെട്ടുകിടന്ന കൈമാറ്റ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പറവൂർ കോടതിയിലെ അഭിഭാഷകനായ സുജയ് സത്യന്റെ ഹർജിയിലായിരുന്നു ഉത്തരവ്. വടക്കുവശം ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ തിട്ടപ്പെടുത്തി സ്ഥലലഭ്യത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ എക്സിക്യുട്ടീവ് എൻജിനി​യർ പി.ഡബ്ല്യു.ഡി ബിൽഡിംഗ് ഡിവിഷൻ ഇടപ്പള്ളി, സൂപ്രണ്ടിംഗ് എൻജിനി​യർ ജുഡി​ഷ്യൽ ബിൽഡിംഗ് സർക്കിൾ ഇടപ്പള്ളി എന്നിവരോടും നിർദ്ദി​ഷ്ട ട്രഷറിയും സമീപത്തുള്ള ഖരമാലിന്യ പ്ലാന്റും പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയോടും കളക്ടറോടും അന്ന് കോടതി നിർദേശിച്ചിരുന്നു.