ആലുവ: കിഴക്കേ കടുങ്ങല്ലൂർ ശ്രീഭുവനേശ്വരി മഹാദേവി ക്ഷേത്രം തിരുവുത്സവത്തിന്റെ ഭാഗമായി ആയിരങ്ങൾ പങ്കെടുക്കുന്ന പകൽപ്പൂരം വലിയ വിളക്ക് ദിവസമായ നാളെ നടക്കും. വൈകിട്ട് അഞ്ചിന് കണിയാംക്കുന്ന് കവലയിൽ നിന്നും ഗജവീരന്റെയും പൂത്താലങ്ങളുടെയും അകമ്പടിയോടെ പകൽപ്പൂരം ആരംഭിക്കും. കലാമണ്ഡലം പ്രദീപ് നയിക്കുന്ന പഞ്ചവാദ്യവും പള്ളുരുത്തി ജൗഷൽ ബാബു നയിക്കുന്ന ചെണ്ടമേളവും അകമ്പടിയേകും. രാത്രി പത്തിന് പള്ളിവേട്ടയും പള്ളിക്കുറുപ്പും നടക്കും.

12ന് ഉത്സവത്തിന് കൊടിയിറങ്ങും. രാവിലെ 11ന് ആറാട്ട് സദ്യ, വൈകിട്ട് അഞ്ചിന് ആറാട്ട് പുറപ്പെടൽ, ആലുവ ശിവക്ഷേത്രത്തിൽ ആറാട്ട്, തുടർന്ന് കിഴക്കേ കടുങ്ങല്ലൂർ കവലയിൽ നിന്നും വരവേൽപ്പ് എന്നിവ നടക്കും. ഇന്ന് ക്ഷേത്രം മേൽശാന്തി ടി.പി. സൗമിത്രൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രത്യേക പൂജകൾക്ക് പുറമെ നാരായണീയപാരായണം, ഓട്ടംതുള്ളൽ, തിരുവാതിരകളി, കുറുത്തിയാട്ടം എന്നിവ നടക്കും.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ, സെക്രട്ടറി കെ.എ. പ്രകാശൻ, ട്രഷറർ എ.കെ. ഷിബു എന്നിവർ ഉത്സവപരിപാടികൾക്ക് നേതൃത്വം നൽകും.