 
വൈപ്പിൻ: ഇന്നലെ വിടപറഞ്ഞ ജി.ബി. ഭട്ട് കോൺഗ്രസിന്റെയും ജനതാദളിന്റെയും തല മുതിർന്ന നേതാവായിരുന്നു. കോൺഗ്രസിൽ കെ. കരുണാകരൻ , എ .കെ. ആന്റണി , ഉമ്മൻ ചാണ്ടി, വയലാർ രവി തുടങ്ങിയവരുമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു. കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിൽ നിന്ന ഭട്ട്, അടിയന്തരാവസ്ഥയെ തുടർന്ന് ജനതാ പാർട്ടി രൂപമെടുത്തപ്പോൾ ആ പാർട്ടിയുടെ ഉന്നത നേതാക്കളോടൊത്ത് പ്രവർത്തിച്ചു.
രാഷ്ട്രപതി നീലംസഞ്ജീവ റെഡി , മുൻഗവർണർ കെ.സി. എബ്രഹാം , എം.പി. വീരേന്ദ്രകുമാർ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ജനതാദൾ ഇടക്കാലത്ത് യു.ഡി.എഫിനൊപ്പമായപ്പോൾ ഭട്ടും യു.ഡി.എഫിന്റെ സജീവ പ്രവർത്തകനായി. ജനതാദൾ എൽ.ഡി.എഫിലേക്ക് മടങ്ങിയപ്പോൾ പാർട്ടിയുടെ ഒരു ചെറിയ വിഭാഗവുമായി യു.ഡി.എഫിൽ തുടരുകയായിരുന്നു.
ഇന്നലെ വൈകിട്ട് ചെറായി ദേവസ്വം നടയിൽ ചേർന്ന അനുശോചന യോഗത്തിൽ മുൻ മന്ത്രി എസ്. ശർമ്മ , ഡി.സി.സി. സെക്രട്ടറി എം.ജെ.ടോമി , എൻ.എം. രാഘവൻ, റോയ് ബി.തച്ചേരി തുടങ്ങിയവർ സംസാരിച്ചു.