benny-nehnan

കൊച്ചി: ചൂടിനെ വകവയ്ക്കാതെ തീവ്രപ്രചാരണത്തിലാണ് മുന്നണികൾ. പ്രചാരണം മുറുകിയതോടെ സ്ഥാനാർത്ഥിക്കൊപ്പം കൂടുതൽ നേതാക്കളും പ്രവർത്തകരും അണിനിരന്നു തുടങ്ങി.

എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് അങ്കമാലിയിൽ പര്യടനം നടത്തി. ആര്യമ്പിള്ളി കവലയിൽ ആരംഭിച്ച പര്യടനം തുറവൂർ, മഞ്ഞപ്ര, മലയാറ്റൂർ നീലേശ്വരം, കാലടി, അയ്യമ്പുഴ പഞ്ചായത്തുകളിൽ വോട്ട് അഭ്യർത്ഥിച്ചു. ജനകീയ നേതാവായതിനാൽ പ്രായഭേദമന്യേ കുട്ടികൾ മുതൽ മുതിർന്നവർ വരെ അദ്ദേഹത്തെ കാണാനെത്തി.

 യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ പരിയാരം ബ്ളോക്കിൽ പര്യടനം നടത്തി. ചൗക്കാ സെന്ററിൽ ആരംഭിച്ച പര്യടനത്തിൽ എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദ ത്ത്, ചാണ്ടി ഉമ്മൻ എന്നിവർ സ്ഥാനർത്ഥിക്കൊപ്പം പങ്കെടുത്തു. താഴൂർ പള്ളി, മേച്ചിറ, പാലാ ജംഗ്ഷൻ, ചായ്പ്പൻകുഴി, അതിരപ്പിള്ളി, വൈറ്റിലപ്പാറ മേഖലകൾ സന്ദർശിച്ച് മേലൂർ ജംഗ്ഷനിൽ സമാപിച്ചു. ഇന്ന് വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തുകളിലെ സ്ഥാപനങ്ങളിൽ വോട്ടഭ്യർത്ഥിക്കും.

എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ കുന്നത്തുനാട് മണ്ഡലത്തിലെ വടയമ്പാടി, പുത്തൻകുരിശ്, മറ്റക്കുഴി, വെണ്ണിക്കുളം, മാമല, മുരിയമംഗലം, ചൂണ്ടി, വടയമ്പാടി, പുത്തൻകുരിശ്, മറ്റക്കുഴി, വെണ്ണിക്കുളം, മാമ്മല മേഖലകൾ സന്ദർശിച്ചു.
മണ്ഡലം പ്രസിഡന്റ് അഖിൽ ഒ.എം., ജനറൽ സെക്രട്ടറിമാരായ വിനയൻ വാത്യാത്ത്, വി.വി. ഭക്തവത്സലൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഷിജു കിങ്ങിണിമറ്റം, മണ്ഡലം സെക്രട്ടറി നൈസൺ ജോൺ തുടങ്ങിയവർ അനുഗമിച്ചു.

ട്വന്റി 20 പാർട്ടി സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തി. പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിലെ പര്യടനത്തിൽ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജോളി ജോൺ, ലോക്‌സഭാ ചീഫ് ഇലക്ഷൻ ഏജന്റ് ജിബി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.