കൊച്ചി: തിരഞ്ഞെടുപ്പ് പോര് കനത്തതോടെ എറണാകുളം ജില്ലയിൽ പ്രചാരണത്തിന് ചൂട് പിടിച്ചു. നഗരത്തിലും സമീപപ്രദേശങ്ങളിലും വോട്ട് അഭ്യർത്ഥിച്ച് ജനങ്ങളെ സമീപിക്കുന്ന തിരക്കിലായിരുന്നു മുന്നണി സ്ഥാനാർത്ഥികൾ.

വൈപ്പിൻ ദ്വീപിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പര്യടനം നടത്തിയത്. ഫോർട്ട് വൈപ്പിനിൽ നിന്നാണ് വാഹനപര്യടനം ആരംഭിച്ചത്. മുൻ എം.പി കെ.പി ധനപാലൻ പര്യടനം ഉദ്ഘാടനം ചെയ്തു. ഗോശ്രീ ജംഗ്ഷൻ, പുതുവൈപ്പിൻ, എളങ്കുന്നപ്പുഴ, ഞാറയ്‌ക്കൽ എന്നിവിടങ്ങളിൽ സ്ത്രീകളടക്കം ഹൈബി ഈഡനെ സ്വീകരിച്ചു. ഞാറയ്‌ക്കൽ ആശുപത്രിപ്പടി ജംഗ്ഷനിലാണ് ഉച്ചയ്ക്ക് പ്രചാരണം അവസാനിച്ചത്. വൈകിട്ട് കടമക്കുടി വടക്ക് ആരംഭിച്ച പര്യടനത്തിന് അറുപതോളം കേന്ദ്രങ്ങൾ പിന്നിട്ട് മൂലമ്പിള്ളിയിൽ സമാപിച്ചു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ ഷൈൻ തൃക്കാക്കരയിൽ പര്യടനം നടത്തി. പൂണിത്തുറയില ഒടുക്കത്തറയിൽ ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് ഉദ്ഘാടനം ചെയ്തു.
മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദയെ ഷൈൻ സന്ദർശിച്ചു. താമരശേരി റോഡ്, വടക്കത്തറ, ചമ്പക്കര, തൈക്കൂടം, കണിയാമ്പുഴ, ചാത്തങ്കേരി, പുന്നുരുന്നി, വൈറ്റില മൊബിലിറ്റി ഹബ്, പാലാരിവട്ടം, കറുകപ്പിള്ളി, ഇടപ്പള്ളി പ്രദേശങ്ങൾ പിന്നിട്ട് അഞ്ചുമനയിൽ പര്യടനം സമാപിച്ചു.
എറണാകുളം മണ്ഡലത്തിലാണ് ഇന്ന് പര്യടനം. രാവിലെ ഏഴിന് വാത്തുരുത്തിയിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്യും.
എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്‌ണൻ പറവൂർ മണ്ഡത്തിലെ സ്ഥാപനങ്ങളും വ്യക്തികളെയുമാണ് സന്ദർശിച്ചത്. നടി കവിയൂർ പൊന്നമ്മയെ കരുമാല്ലൂരിലെ വീട്ടിലെത്തി സന്ദർശിച്ചു.
കോൺവെന്റുകൾ, മാഞ്ഞാലിയിലെ പാവ നിർമ്മാണശാല, തന്ത്രിയും വാസ്തുശാസ്ത്ര വിദഗ്ദ്ധനുമായ വേഴാപറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് എന്നിവിടങ്ങൾ സന്ദർശിച്ചു.
വൈകിട്ട് കലൂർ മെട്രോ സ്റ്റേഷനിൽ ആരംഭിച്ച് കതൃക്കടവ്, ഗാന്ധിനഗർ, ടി.ഡി അമ്പലം, വളഞ്ഞമ്പലം, രവിപുരം ക്ഷേത്രം, മട്ടമ്മേൽ, തേവര ഫെറി എന്നിവിടങ്ങൾ സന്ദർശിച്ചു.