1

മട്ടാഞ്ചേരി:രാവിനെ പകലാക്കി മാറ്റി കൊച്ചിയിലെ പെരുന്നാൾ രാവ്. പെരുന്നാൾ രാവ് കച്ചവടക്കാർക്കും നാട്ടുകാർക്കും വലിയ ആഘോഷമായി. ദൂര സ്ഥലങ്ങളിൽ നിന്ന് ഇക്കുറിയും നിരവധി പേരാണ് പെരുന്നാൾ രാവ് ദിനത്തിലെ കച്ചവടം തേടി കൊച്ചിയിലേക്കെത്തിയത്. കൊച്ചിയിലെ പെരുന്നാൾ ആഘോഷത്തിൽ പങ്കാളികളാകാനും നിരവധി പേർ എത്തി. കൊച്ചിയിൽ പെരുന്നാൾ രാവ് ആഘോഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് മട്ടാഞ്ചേരി അമ്മായി മുക്ക്. ഇവിടം പ്രകാശ പൂരിതമായിരുന്നു.

മൈലാഞ്ചി മൊഞ്ചണിഞ്ഞാണ് അമ്മായി മുക്ക് ആളുകളെ മാടി വിളിച്ചത്. പെരുന്നാൾ രാവ് ദിനത്തിൽ ബിരിയാണി, ഇറച്ചി ചോറ് ഉൾപെടെയുള്ള ഭക്ഷണ വിഭവങ്ങളും തെരുവിൽ വില്പനക്കായി എത്തി. പ്രദേശവാസികളുടെ ഒരു വരുമാന സ്രോതസ് കൂടിയാണ് ഇത്തരം കച്ചവടങ്ങൾ. പെരുന്നാൾ ദിനത്തിൽ പള്ളിയിൽ നമസ്ക്കാരത്തിന് ശേഷം ബന്ധുഭവനങ്ങളിൽ സന്ദർശനം നടത്തുകയാണ് കൊച്ചിക്കാരുടെ രീതി. അമ്മായി മുക്കിന് പുറമേ മറ്റ് കേന്ദ്രങ്ങളായ പാലസ് റോഡ്,പുതിയ റോഡ്,കുന്നുംപുറം,തങ്ങൾ നഗർ എന്നിവടങ്ങളിൽ വലിയ തിരക്കാണ് അനുഭവപെട്ടത്. പുലരുവോളം കച്ചവടം പൊടി പൊടിച്ചു.