കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ക്ഷേത്രാങ്കണത്തിൽ ഇരമ്പിയെത്തിയ പതിനായിരങ്ങൾ അശ്വതി കാവുതീണ്ടി. കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ കാവു തീണ്ടാൻ കോമരങ്ങളും പരിവാരങ്ങളും ഉൾപ്പെടെ വൻ ജനസഞ്ചയം രാവിലെ മുതൽ ക്ഷേത്രാങ്കണത്തിൽ തമ്പടിച്ചിരുന്നു. ഉച്ചയോടെ നൂറുകണക്കിന് പേരടങ്ങുന്ന സംഘങ്ങൾ കൊടിക്കൂറകളും പട്ടുകുടകളുമായി കാവിലേക്ക് പ്രവഹിച്ചു തുടങ്ങി.
താനാരം... തന്നാരം ഈണത്തിൽ കോലടിച്ച് പാട്ടുപാടി ചെറു സംഘങ്ങളായെത്തിയവർ കാവേറ്റം തുടർന്നു. അവകാശത്തറകൾ ഭക്തരെക്കൊണ്ട് നിറഞ്ഞു. ആദി ദ്രാവിഡ തനിമയും ഗോത്ര സംസ്‌കൃതിയും ഒത്തുചേർന്ന ഭരണിഉത്സവത്തിന്റെ പ്രധാന ചടങ്ങായ കാവു തീണ്ടലിന് മുന്നോടിയായുള്ള തൃച്ചന്ദനച്ചാർത്ത് പൂജ ഉച്ചയ്ക്ക് 12ന് ആരംഭിച്ചു. കുന്നത്ത്, നീലത്ത്, മഠങ്ങളിൽ നിന്നുള്ള അടികൾമാരാണ് ശാക്തേയ പൂജയെന്ന് അറിയപ്പെടുന്ന തൃച്ചന്ദനച്ചാർത്ത് പൂജ നടത്തിയത്.
ക്ഷേത്ര വാതിലുകെളെല്ലാം കൊട്ടിയടച്ച് അതീവ രഹസ്യമായി നടത്തുന്ന ഈ പൂജ അവസാനിക്കുന്നതു വരെ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ ക്ഷേത്രത്തിന് കാവിലിരുന്നു. പൂജ അവസാനിപ്പിച്ച് അടികൾമാർ പോയശേഷം തമ്പുരാൻ കിഴക്കെ നടയിലെ നിലപാട് തറയിൽ ഉപവിഷ്ടനായി. തുടർന്ന് നാലിന് കാവുതീണ്ടാൻ തമ്പുരാൻ അനുമതി നൽകി. കോയ്മ ചുവന്ന പട്ടുകുട നിവർത്തിയതോടെ ആദ്യം കാവു തീണ്ടാൻ അധികാരമുള്ള പാലക്കേവേലൻ കുതിച്ചു. പിന്നാലെ വിവിധ അവകാശത്തറകളിൽ നിലയുറപ്പിച്ച കോമരങ്ങളും ഭക്തരും ദേവീ ശരണം വിളികളോടെ ക്ഷേത്രത്തിന്റെ ചെമ്പോലകളിൽ മുളവടികളാൽ ആഞ്ഞടിച്ചും വിജയഭേരി മുഴക്കിയും മൂന്നുവട്ടം ക്ഷേത്രം വലംവച്ച് കാവുതീണ്ടി.
തുടർന്ന് കുതിരകളി, കാളകളി, മുടിയേറ്റ്, മുടിയാട്ടം, തെയ്യം, ചെണ്ട മേളം തുടങ്ങിയ കലാരൂപങ്ങൾ ക്ഷേത്രമുറ്റത്ത് വിവിധ ദേശങ്ങളിൽ നിന്നെത്തിയവർ അവതരിപ്പിച്ചു. കാളി ദാരിക യുദ്ധത്തിൽ ദേവി വിജയിച്ചതിന്റെ ആഹ്ലാദമായി ഇന്ന് വെന്നിക്കൊടി ഉയർത്തുന്നതോടെ ഭരണി ഉത്സവം സമാപിക്കും.