k-babu

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കോൺഗ്രസ് നേതാവ് കെ. ബാബുവിന്റെ വി വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.ജി. അജിത്കുമാർ വിധി പറയുക. ബാബുവിന്റെ എം.എൽ.എ സ്ഥാനം സംബന്ധിച്ച കേസിൽ തിരഞ്ഞെടുപ്പു,വേളയിൽ വരുന്ന വിധി ഇരു കൂട്ടർക്കും പ്രധാനമാണ്.

2021ലെ തിരഞ്ഞെടുപ്പിൽ കെ. ബാബുവിന്റെ പ്രചാരണത്തിൽ ചട്ടലംഘനം നടന്നുവെന്ന് ആരോപിച്ചായിരുന്നു ഹർജി. വോട്ടർമാർക്ക് യു.ഡി.എഫ് വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്കൊപ്പം അയ്യപ്പ സ്വാമിയുടെ ചിത്രവും ചേർത്തെന്നാണ് പ്രധാന ആരോപണം. കെ. ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് മണ്ഡലത്തിൽ പ്രചരിപ്പിച്ചെന്നും മതത്തെ ഉപയോഗിച്ചത് ജനപ്രാതിനിദ്ധ്യ നിയമത്തിന്റെ ലംഘനമാണെന്നും സ്വരാജ് വാദിച്ചു. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി സമർപ്പിച്ചു. സ്വരാജ് ഹാജരാക്കിയത് കൃത്രിമ രേഖയാണെന്നാണ് കെ. ബാബു വാദിച്ചത്.
ബാബുവിന്റെ വിജയത്തിനെതിരെ സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ബാബു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. ശക്തമായ ത്രികോണ മത്സരം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടിനാണ് കെ. ബാബു വിജയിച്ചത്. ശബരിമല സ്ത്രീ പ്രവേശനം മുഖ്യവിഷമായ തിരഞ്ഞെടുപ്പായിരുന്നു ഇത്. വിധി ഏതു പക്ഷത്തിനെതിരായാലും കേസ് വീണ്ടും സുപ്രീംകോടതിയിലേക്ക് നീളുമെന്നുറപ്പ്.