
രാഷ്ട്രീയ ബന്ധമുള്ള സൂപ്പർ സ്റ്റാറുകളുടെ സിനിമകളും ടെലിവിഷൻ ഷോകളും തടയണമെന്ന മുറവിളി മുമ്പെല്ലാം തിരഞ്ഞെടുപ്പ് കാലത്ത് ഉയരാറുണ്ട്. ചിലപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയന്ത്രണങ്ങൾ കൊണ്ടുവരാറുമുണ്ട്. അമിതാബ് ബച്ചൻ, ജയലളിത, ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയവരുടെ സിനിമകൾ വോട്ടിന്റെ സമയത്ത് ടി.വിയിലും മറ്റും വിലക്കണമെന്ന ആവശ്യമാണ് ഉണ്ടാകാറുള്ളത്. എന്നാൽ ചരിത്രത്തിലെ നിർണായക തിരഞ്ഞെടുപ്പുകളിൽ ഒന്നായി വിലയിരുത്തുന്ന ഈ തിരഞ്ഞെടുപ്പിൽ സിനിമകൾകൊണ്ടുള്ള മറ്റൊരു കളിയാണ് നടക്കുന്നത്. വർഗീയ ധ്രുവീകരണത്തിന് വഴിവയ്ക്കുന്ന വിധത്തിലാണ് ഈ പോരാട്ടം. കുട്ടികളെ പ്രേക്ഷകരാക്കിയാണ് തത്പരകക്ഷികൾ ആശയപ്രചാരണം നടത്തുന്നതെന്നതാണ് വൈരുദ്ധ്യം. 'ദ കേരള സ്റ്റോറി'യും അതിന് ബദലായി 'മണിപ്പൂർ: ക്രൈ ഒഫ് ദി ഒപ്രസ്ഡ്' എന്ന ചിത്രവും കഴിഞ്ഞ ദിവസം ക്രിസ്റ്റ്യൻ പള്ളികളിൽ പ്രദർശിപ്പിച്ചപ്പോൾ കുട്ടികളായിരുന്നു കാഴ്ചക്കാർ. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ, ആസൂത്രിതമാണ് ഈ സിനിമാക്കളികൾ.
കുത്തിപ്പൊക്കിയ
വിഷയം
പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമിഫൈനലുകളെന്നു വിശേഷിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സമയത്താണ് കഴിഞ്ഞ വർഷം കേരള സ്റ്റോറി റിലീസായതും വിവാദം ആളിപ്പടർന്നതും. ലൗ ജിഹാദും തീവ്രവാദ റിക്രൂട്ട്മെന്റും മറ്റും പ്രമേയമായ സിനിമ കേരളത്തിന്റെ റിയൽ സ്റ്റോറിയാണെന്നും അല്ലെന്നുമുള്ള വാദങ്ങളുമായി സമൂഹം ചേരിതിരിഞ്ഞു. കശ്മീർ ഫയൽസ് എന്ന സിനിമയുടെ അലയൊലികളും അന്നു നിലനിന്നിരുന്നു. ബദൽ നീക്കമെന്ന നിലയിൽ ഇടതുപക്ഷക്കാർ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിലും ക്യാമ്പസുകളിലും 'രാം കെ നാം' എന്ന പഴയ ഡോക്യൂസിനിമ പൊക്കിയെടുത്ത് പ്രദർശിപ്പിച്ചു. സർഗപരത, ആവിഷ്കാര സ്വാതന്ത്ര്യം, വിലകുറഞ്ഞ പ്രചാരവേല തുടങ്ങിയ പ്രയോഗങ്ങൾ ഇതുമായി ബന്ധപ്പെട്ടുണ്ടായി. പ്രശ്നങ്ങൾ ക്രമേണ കെട്ടടങ്ങുകയും ചെയ്തു.
തിരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന അവസരത്തിൽ ഔദ്യോഗിക മാദ്ധ്യമമായ ദൂരദർശൻ കേരള സ്റ്റോറി സംപ്രേക്ഷണം ചെയ്യാൻ തീരുമാനിച്ചതോടെയാണ് വിഷയം വീണ്ടും സജീവമായത്. രാഷ്ട്രീയവും വർഗീയ അജൻഡയും മാത്രമാണ് ഇതിന് പിന്നിലെന്ന് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ ആരോപിച്ചു. തടയാൻ പരാതികൾ പലതും നൽകിയെങ്കിലും സംപ്രേക്ഷണം വലിയ കോലാഹലങ്ങളില്ലാതെ കടന്നുപോയി. പ്രബുദ്ധരായ കേരള ജനത കൂടുതൽ പ്രശ്നങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അപ്രതീക്ഷിത സംഭവങ്ങളാണ് പിന്നീടുണ്ടായത്. സൺഡേ സ്കൂളുമായി ബന്ധപ്പെട്ട് പള്ളികളിൽ കേരളാ സ്റ്റോറി പ്രദർശിപ്പിച്ച് ഇടുക്കി രൂപത ആദ്യ വെടിപൊട്ടിച്ചു. ലൗ ജിഹാദ് വ്യാപകമായ സാഹചര്യത്തിൽ പുതുതലമുറയക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് സിനിമ കാണിച്ചതെന്ന് ഇടുക്കി രൂപത ന്യായീകരിച്ചു.
പിന്നാലെ താമരശേരി രൂപതയും കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. ഇടുക്കി രൂപതയെ അഭിനന്ദിച്ചുകൊണ്ടാണ് തീരുമാനം. കെ.സി.വൈ.എം യൂണിറ്റുകൾ വഴി ശനിയാഴ്ച വ്യാപകമായി പ്രദർശിപ്പിക്കാനാണ് തീരുമാനം. കേരള സ്റ്റോറി ഇടവകാംഗങ്ങളെ കാണിക്കാൻ തലശേരി രൂപതയും ആലോചിച്ചെങ്കിലും പിന്മാറുകയായിരുന്നു. ഇതിനിടെ സിനിമയുടെ പേരിൽ ക്രൈസ്തവ വിഭാഗങ്ങളിൽത്തന്നെ ഭിന്നത ഉടലെടുത്തു. സഭകൾ ബി.ജെ.പിയുടെ കെണിയിൽ വീഴുകയാണെന്ന ആരോപണമുയർന്നു.
ബദലായി
മണിപ്പൂർ ചിത്രം
കേരളാ സ്റ്റോറിയുടെ പ്രമേയത്തെ പല രൂപതകളിലും പിൻതുണച്ചുവരുന്നതിനിടെയാണ് ബുധനാഴ്ച എറണാകുളം- അങ്കമാലി അതിരൂപതയുടെ കീഴിലുള്ള വൈപ്പിൻ സാൻജോപുരം പള്ളി വേറിട്ട ശബ്ദവുമായി എത്തിയത്. മണിപ്പൂർ കലാപത്തിന്റെ യാഥാർത്ഥ്യങ്ങളാണ് പുറത്തുവരേണ്ടതെന്ന് ഇവിടുത്തെ വൈദികനും അൽമായരും തീരുമാനിക്കുകയായിരുന്നു. തുടർന്ന് മണിപ്പൂർ: ക്രൈ ഒഫ് ദ് ഒപ്രസ്ഡ് പ്രദർശിപ്പിച്ചു. പള്ളിയിലെ നൂറിലേറെ വരുന്ന വേദപഠന വിദ്യാർത്ഥികൾക്ക് മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്. ഏകീകൃത കുർബാന വിഷയത്തിലടക്കം സഭാനേതൃത്വത്തോട് വിയോജിപ്പുള്ള ഇടവകയാണിത്. മണിപ്പൂർ കഥ വരുംദിവസങ്ങളിൽ പല ഇടവകകളിലും പ്രദർശിപ്പിക്കുമെന്നാണ് ബന്ധപ്പെട്ട വൈദികർ അറിയിച്ചിട്ടുള്ളത്.
അതേസമയം കേരള സ്റ്റോറിയും അനുബന്ധ വിഷയങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെ പ്രധാന ന്യൂനപക്ഷ സമുദായങ്ങളെ രണ്ടു തട്ടിലാക്കിയിരിക്കുകയാണ്. ഹൈന്ദവ സംഘടനകളുടെ വാദം തന്നെ ക്രൈസ്തവ സഭകളും ഏറ്റെടുക്കുമ്പോൾ മുസ്ലിം വിഭാഗം ഇക്കാര്യത്തിൽ ഒറ്റപ്പെട്ട് നിൽക്കുകയാണ്. പ്രണയച്ചതിയും തീവ്രവാദവും യാഥാർത്ഥ്യമാണെന്ന പ്രസ്താവനയുമായി കത്തോലിക്ക മെത്രാൻ സമിതിയും രംഗത്തെത്തിക്കഴിഞ്ഞു. സപെഷ്യൽ മാര്യേജ് ആക്ടിന്റെ ദുരുപയോഗം പെൺകുട്ടികൾ ചതിക്കപ്പെടുന്നതിന് കാരണമാകുന്നുവെന്നാണ് വാദം. ഇത് പലതവണ സർക്കാരിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കെ.സി.ബി.സി ആരോപിക്കുന്നു.
മണിപ്പൂർ വിഷയത്തിലടക്കം സമരമതിലുകൾ തീർത്ത് ന്യൂനപക്ഷ സംരക്ഷകർ ചമഞ്ഞ ഇടതുപക്ഷത്തിന് സഭാ നേതൃത്വത്തിന്റെ നിലപാട് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. വോട്ടുബാങ്കായി കരുതുന്ന ക്രൈസ്തവ സമൂഹത്തിന് പുതിയ നിലപാട് കോൺഗ്രസിനും ആശങ്കയാണ്. അതേസമയം കേന്ദ്രഭരണകൂടം പലവിധത്തിൽ ന്യൂനപക്ഷങ്ങളെ പലവിധത്തിൽ സമ്മർദ്ദത്തിലാക്കി കാര്യം നേടുകയാണെന്ന ആരോപണവും ശക്തമാണ്.
ന്യൂനപക്ഷ സംരക്ഷകരായി ചമയുന്ന സി.പി.എമ്മിനേയും കോൺഗ്രസിനേയും അമ്പരിപ്പിച്ചാണ് 'ദ് കേരള സ്റ്റോറി ക്രൈസ്തവ സഭകൾ ഏറ്റെടുത്തത്. വിമതസ്വരമുയർത്തിയ ഇടവകകൾ ഇതിന് ബദലായി 'മണിപ്പൂർ: ക്രൈ ഒഫ് ദ് ഒപ്രസ്ഡ്' പ്രദർശിപ്പിച്ചു. ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചതോടെയാണ് കെട്ടടങ്ങിയിരുന്ന കനലുകൾ വീണ്ടും ആളിത്തുടങ്ങുന്നത്. വർഗീയധ്രുവീകരണത്തിന് വഴിവയ്ക്കുന്ന ഈ സിനിമാക്കളികൾ തിരഞ്ഞെടുപ്പുകാലത്ത് അരങ്ങേറുന്നത് നിർദ്ദോഷകരമല്ലെന്നു വ്യക്തം.