j

ചോറ്റാനിക്കര: വിഷുക്കണി, ഓണം, ഉത്സവങ്ങൾ, പൂജാമുറി, വിവാഹത്താലം, വിവാഹവേദികൾ മറ്റു വിശേഷങ്ങൾ എന്നിവയ്ക്ക് അലങ്കാരത്തിനായി ഉപയോഗിക്കുന്ന തിരുഉടയാടയും ഉടയാടയും വീട്ടിൽ സ്വന്തമായി നിർമ്മിച്ച് 'അഭിരാമം ക്രാഫ്റ്റ് വർക്സ്' എന്ന പേരിൽ ഓൺലൈനായും അല്ലാതെയും വിപണിയിൽ എത്തിക്കുന്ന യുവസംരംഭകയാണ് ശരണ്യ ഹരീഷ്.

പിറവം പാഴൂർ പുഴമംഗലത്ത് ശരണ്യ വീട്ടിലാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്. വിതരണത്തിലെ കൃത്യതയും വിശ്വാസ്യതയും കൂടാതെ ഗുണഭോക്താക്കളുടെ ആവശ്യമനുസരിച്ച് അവർക്കുവേണ്ട നിറത്തിലും വലിപ്പത്തിലും നിർമ്മിച്ച് നൽകും.

ബി.എസ്‌സി, ബി.എഡുകാരിയായ ശരണ്യയ്ക്ക് തന്റെ രണ്ടാമത്തെ കുട്ടി പ്രീമെച്വറായി ജനിച്ചതോടെ പുറത്തുപോയി ജോലി ചെയ്യാൻ പറ്റാതായി. തുടർന്ന് ചെറിയ രീതിയിൽ തുടങ്ങിയ തിരുവുടയാടയുടെ ബിസിനസ് ഇപ്പോൾ അഭിരാമം ക്രാഫ്റ്റ് വർക് എന്ന പേരിൽ ആരംഭിച്ച സംരംഭം വളർന്നു. മൂന്നുവർഷം മുമ്പൊരു വിഷുക്കാലത്ത് ബന്ധു സുനിൽ വിഷുക്കണി ഒരുക്കുന്നതിന് ഉടയാട വാങ്ങിക്കൊണ്ടുവന്നത് കണ്ടപ്പോൾ അതുപോലൊന്ന് ഉണ്ടാക്കി നോക്കുകയായിരുന്നു. കടയിൽനിന്ന് കുറച്ച് സാധനങ്ങൾ വാങ്ങി ഉടയാട ഉണ്ടാക്കി അതിന്റെ ഫോട്ടോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റുചെയ്തു. അഭിനന്ദനപ്രവാഹമായിരുന്നു. 5000 രൂപയുടെ വില്പനയും നടന്നു. സംഗതി കൊള്ളാമെന്നു തോന്നിയപ്പോൾ അഭിരാമം ക്രാഫ്റ്റ് വർക് എന്ന പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പേജ് തുടങ്ങി. 9 മുതൽ 16 ഇഞ്ചുവരെ വലിപ്പത്തിൽ ഏത് നിറത്തിലുമുള്ള ഉടയാടകൾ ശരണ്യ വേഗത്തിൽ റെഡിയാക്കും.

ഡിസംബർ മുതൽ ഏപ്രിൽ വരെ വൻതിരക്കാണ്. ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും ഈ മാസങ്ങളിലാണ്. എത്ര തിരക്കാണെങ്കിലും എത്ര ഓർഡർ ഉണ്ടെങ്കിലും ഗുണമേന്മയിലോ സ്റ്റിച്ചിംഗിലോ വിട്ടുവീഴ്ചയില്ല. 200രൂപമുതൽ 450രൂപവിലവരുന്ന ഉടയാടകൾ ശരണ്യ നിർമ്മിക്കുന്നുണ്ട്. സീസണിൽ മാസം 50,000രൂപയോളം ഉടയാട നിർമ്മാണത്തിലൂടെ സമ്പാദിക്കാറുണ്ടെന്ന് ശരണ്യ പറയുന്നു. ഇവന്റ് മാനേജ്മെന്റ്, ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവരുടെ ബൾക്ക് ഓർഡറുകളും എത്തുന്നുണ്ട്.

സ്ഥിരമായി ഓർഡർ ലഭിച്ചാൽ കൂടുതൽ ആളുകൾക്ക് ജോലിനൽകുന്ന സംരംഭമായി അഭിരാമം ക്രാഫ്റ്റ് വർക്കിനെ ഉപയോഗിക്കണമെന്നാണ് ശരണ്യയുടെ ആഗ്രഹം. തൊടുപുഴ മാടക്കത്താനം സ്വദേശിനിയാണ്. പ്രതിസന്ധികൾ തരണം ചെയ്യാൻ ഭർത്താവ് ഹരീഷും കൂടെയുണ്ട്. അച്ഛനും അമ്മയും ഭർത്താവും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. ഭർത്താവ് ഹരീഷ് എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് വില്ലേജ് അസിസ്റ്റന്റ് ഓഫീസറാണ്. കാർത്തിക്, അഭിരാം എന്നിവർ മക്കളാണ്.

ഓർഡർ ചെയ്യുന്നതിന്

7593092496 എന്ന നമ്പറിലും അഭിരാമം ക്രാഫ്റ്റ് വർക് എന്ന ഫേസ്ബുക്ക് പേജിലൂടെയും ഓർഡർ ചെയ്യാം.