
കൊച്ചി: കേരള സ്റ്റോറിയല്ല, മണിപ്പൂരാണ് കാണേണ്ടതെന്ന സന്ദേശവുമായി സിറോമലബാർ സഭ എറണാകുളം അതിരൂപതയിലെ സാൻജോപുരം സെന്റ് ജോസഫ്സ് പള്ളിയിൽ മണിപ്പൂർ കലാപക്കാഴ്‌ചകളും ക്രൈസ്‌തവരുടെ ദുരിതങ്ങളും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. 'മണിപ്പൂർ, ദ ക്രൈ ഒഫ് ദ ഒപ്രസ്ഡ് " എന്ന ഡോക്യുമെന്ററി 120 കുട്ടികളാണ് കണ്ടത്.
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ആന്റോ അക്കരയാണ് 15.31 മിനിറ്റുള്ള ഡോക്യുമെന്ററി ഒരുക്കിയത്. കുട്ടികൾക്ക് അഭിപ്രായങ്ങൾ പറയാനും എഴുതാനും സൗകര്യമൊരുക്കി.
12 വരെ ക്ളാസുകളിലെ കുട്ടികളുടെ അവധിക്കാല ബൈബിൾ ക്ളാസിന്റെ ഭാഗമായി വൈപ്പിൻ ഞാറയ്‌ക്കലിലെ പള്ളിയിലായിരുന്നു പ്രദർശനം. കേരള സ്റ്റോറിയല്ല കുട്ടികളെ കാണിക്കേണ്ടതെന്ന ബോദ്ധ്യത്തിലാണ് മണിപ്പൂർ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതെന്ന് വികാരി ഫാ. നിഥിൻ പനവേലിൽ കേരളകൗമുദിയോട് പറഞ്ഞു. രക്ഷിതാക്കളെ അറിയിച്ചായിരുന്നു പ്രദർശനം.
ഏകീകൃത കുർബാന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഭാനേതൃത്വത്തോട് വിയോജിക്കുന്ന വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് സാൻജോപുരം പള്ളി.
കേരള സ്റ്റോറിയിൽ പ്രതിഷേധം
കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്‌ക്കെതിരെ ക്രൈസ്തവ നേതാക്കളും വൈദികരും അൽമായരും പ്രതിഷേധിച്ചു. വിദ്വേഷവും വെറുപ്പും ജനിപ്പിക്കുന്ന സിനിമയാണ് കേരള സ്റ്റോറിയെന്ന് സംയുക്തപ്രസ്‌താവനയിൽ പറഞ്ഞു.
സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. പോൾ തേലക്കാട്ട്, ഇന്ത്യൻ കറന്റ് മുൻ ചീഫ് എഡിറ്റർ ഫാ. സുരേഷ് മാത്യു, കാത്തലിക് കൗൺസിൽ ഒഫ് ഇന്ത്യ മുൻ പ്രസിഡന്റ് ഡോ. ജോൺ ദയാൽ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പിട്ടത്.