കോതമംഗലം : തങ്കളം ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ 11-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന് കൊടിയിറങ്ങി. കഴിഞ്ഞ 5-ാം തീയതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നിമേഷ് ശാന്തിയാണ് കൊടിയേറ്റിയത്. ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും വട്ടക്കളിയും നാടകവും ഗാനമേളയുമായി അഞ്ചു ദിവസങ്ങളായി നടന്ന ക്ഷേത്രോത്സവത്തിനാണ് സമാപനമായത്. ചടങ്ങുകളുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് കാവടിയുടെയും വാദ്യമേളങ്ങളുടെയും നിശ്ചലദ്യശ്യങ്ങളുടെയും അകമ്പടിയോടെ നടന്ന മഹാരഥഘോഷയാത്രയിൽ നൂറുകണക്കിന് വിശ്വസികൾ പങ്കെടുത്തു. ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും വഹിച്ചുള്ള മഹാരഥഘോഷയാത്രയ്ക്ക് കോതമംഗലം ചെറിയ പള്ളിയുടെയും മതമൈത്രിയുടെയും നേതൃത്വത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. പള്ളി വികാരി ഫാ. ജോസ് പരുത്തുവയലിൽ, ഭരണസമിതി അംഗം ബിനോയി മണ്ണഞ്ചേരി, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. അഞ്ച് ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികൾക്ക് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ. സോമൻ, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, ക്ഷേത്രം കൺവീനർ പി.വി.വാസു, സജീവ് പാറയ്ക്കൽ, എം.വി.രാജീവ്, ടി.ജി. അനി, എം.ബി.തിലകൻ, സതി ഉത്തമൻ, മിനിരാജീവ്, എം.കെ. ചന്ദ്രബോസ്, അജേഷ് തട്ടേക്കാട്, ശാഖായോഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.