
കൊച്ചി: പല വർണങ്ങളിൽ ബൊഗൈൻ വില്ലക്കാടുകൾക്ക് നടുവിലൊരു വീട്. അതാണ് ആലിൻചുവട് പുഴക്കരപ്പാടത്ത പി.എൻ. സുരേന്ദ്രൻ നായരുടെ അനിഴം. മുറ്റത്തും ടെറസിലുമെല്ലാം പലവർണത്തിൽ പൂത്തുലഞ്ഞുനിൽക്കുന്ന ബൊഗൈൻ വില്ലച്ചെടികളാണ്.
നാടനും ഹൈബ്രിഡുമായി 50 തരം ബൊഗൈയൻവില്ല ചെടികളാണ് 300 ചട്ടികളിലായി വളർത്തുന്നത്. ആദ്യം ചെമ്പരത്തിയും മറ്റും വളർത്തിയിരുന്ന അദ്ദേഹം 25 വർഷം മുമ്പാണ് ബൊഗൈൻവില്ല വളർത്താൻ തുടങ്ങിയത്. ആദ്യം നാടൻ ഇനങ്ങളാണ് വളർത്തിയത്. പിന്നീട് ഹൈബ്രിഡ് ഇനത്തിൽപ്പെട്ടവയും വാങ്ങി വളർത്തി. വിജയിച്ചപ്പോൾ കൂടുതൽ ഇനങ്ങൾ വാങ്ങി. ഇപ്പോൾ വലിയൊരു ബൊഗൈൻവില്ല തോട്ടം തന്നെ സുരേന്ദ്രൻനായർക്ക് സ്വന്തം.
പരിചരണം
ബൊഗൈൻവില്ല ചെടികൾക്ക് കൃത്യമായ പരിചരണം ആവശ്യമാണ്. ഏറ്റവും ആവശ്യം വെയിലാണ്. കൃത്യമായി വെയിൽകൊള്ളിച്ച് അധികം തണുപ്പ് ഏല്പിക്കാതെ വേണം വളർത്താൻ. വെള്ളവും വളവും കൃത്യമായ അനുപാതത്തിൽ നൽകണം.
എല്പുപൊടി, ചാണകപ്പൊടി, ആട്ടിൻകാഷ്ടം എന്നിവയാണ് വളം. വെള്ളം വളരെ കുറച്ച് മതി. ഒരുദിവസം അരക്കപ്പോ മുക്കാൽക്കപ്പോ വെള്ളം മതി. ഒരുതവണ പൂ വന്നുകഴിഞ്ഞാൽ അഗ്രഭാഗം മുറിച്ചുമാറ്റണം, കമ്പിന് നീളമുണ്ടെങ്കിൽ അത് താഴേയ്ക്ക് വളച്ചുവയ്ക്കണം. വേര് ചൂടാകുമ്പോൾ പൂക്കൾ വേഗം ഉണ്ടാകും. പൂക്കളിൽ വെള്ളം ഒഴിക്കരുത്.
ചെറിയതോതിൽ വില്പനയും ആരംഭിച്ചിട്ടുണ്ട് സുരേന്ദ്രൻ നായർ. 500 മുതൽ 3,500 രൂപ വരെയാണ് വില.
വൈവിദ്ധ്യങ്ങൾ
ഗോൾഡൻ പർപ്പിൾ, വയലറ്റ് വാന്റ, ഡബിൾ കളർ പിങ്ക് ആൻഡ് വൈറ്റ്, റൂബി റെഡ്, ചില്ലി ഓറഞ്ച്, ബ്ലൂ ബറി, മിസ് വേൾഡ്
കൃഷികൾ പലവിധം
ബൊഗൈൻ വില്ല കൂടാതെ. കാക്കനാട്ടും, നെടുമ്പാശേരിയിലും പ്ലാവ്, ജാതി, തെങ്ങ്, കരുരുമുളക് കൃഷികളുമുണ്ട്. വീട്ടിലും പച്ചക്കറി കൃഷിയുണ്ട്. റിട്ട. പോളിടെക്നിക് കോളേജ് അദ്ധ്യാപികയായ ജയശ്രിയാണ് ഭാര്യ. യു.എസിൽ ജോലി ചെയ്യുന്ന ആനന്ദും അരവിന്ദുമാണ് മക്കൾ.
''ചെടികൾക്ക് എന്താണോ വേണ്ടത് അത് കണ്ട് മനസിലാക്കിവേണം പരിചരിക്കാൻ. ദിവസവും വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടും കേട്ടും ആളുകൾ ചെടികൾ കാണാനും വാങ്ങാനും വരുന്നുണ്ട്.""
സുരേന്ദ്രൻ നായർ.