അന്വേഷണം ആവശ്യപ്പെട്ട് പരാതി
കൊച്ചി: വാഹനഗതാഗത നിരോധനമുള്ള പള്ളുരുത്തി അഴകിയകാവ് ക്ഷേത്രവളപ്പിനുള്ളിലൂടെ കാർ കയറ്റി ക്ഷേത്രത്തിന് പിന്നിൽ പാർക്ക് ചെയ്ത സംഭവത്തിൽ മേൽശാന്തിക്കെതിരെ ഭക്തന്റെ പരാതി. ക്ഷേത്രത്തിന് മുന്നിൽ പാർക്കിംഗിന് സ്ഥലമുണ്ടായിട്ടും പിന്നിലെ വഴിയിലൂടെ ക്ഷേത്രമൈതാനത്തെ പൂഴിമണ്ണിൽ 300 മീറ്ററോളം കഷ്ടപ്പെട്ട് കാർ ഓടിച്ച് ക്ഷേത്രത്തിന് പിന്നിൽ പാർക്ക് ചെയ്യുന്നതിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യം
അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പള്ളുരുത്തി സ്വദേശി സുരേഷ് പടക്കാറയാണ് കൊച്ചിൻ ദേവസ്വം ബോർഡ് തൃപ്പൂണിത്തുറ അസി. കമ്മിഷണർക്ക് പരാതി നൽകിയത്.
മൈതാനത്ത് വാഹനം പ്രവേശിക്കരുതെന്നും പാർക്കിംഗ് പാടില്ലെന്നും ദേവസ്വം ബോർഡ് തന്നെ ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അഴകിയകാവ് ക്ഷേത്രം വഴിയിലൂടെയെത്തുന്ന ഭക്തർ വാഹനങ്ങൾ റോഡിൽ പാർക്ക്ചെയ്താണ് മൈതാനത്തിലൂടെ ക്ഷേത്രദർശനത്തിന് പോകുന്നത്. നിരോധനം ലംഘിച്ച് പാർക്ക് ചെയ്തവർക്കനെതിരെ പള്ളുരുത്തി പൊലീസ് കേസുകളും രജിസ്റ്റർ ചെയ്യാറുണ്ടെന്നിരിക്കെയാണ് മേൽശാന്തിയുടെ നടപടി.