 
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയിൽ വിഷു വിപണി സജീവമായി. കനത്ത വേനൽ ചൂടിനോടൊപ്പം തിരഞ്ഞെടുപ്പ് ചൂടും കത്തിനിൽക്കുന്നുവെങ്കിലും വിഷു ആഘോഷത്തെ ബാധകമാകുന്നില്ല. ഗ്രാമ പ്രദേശങ്ങൾ വിഷുവിനെ വരവേൽക്കുവാൻ കാത്തിരിക്കുകയാണ്. നാടെങ്ങും കണികൊന്നകൾ പൂത്തുലഞ്ഞു നിൽക്കുന്നു. പ്രധാന കവലകളിലെല്ലാം പടക്ക വിപണിയും സജീവമായിട്ടുണ്ട്. ഇത്തവണയും ചെെനീസ് പടക്കത്തിനാണ് കൂടുതൽ ഡിമാന്റ് . പച്ചക്കറി - മാംസ വിപണികൾ സജീവമായതോ വിലക്കയറ്റവും ദൃശ്യമാണ്. വിഷുവിന് സദ്യ വീട്ടിലെത്തിക്കുന്ന സഞ്ചരിക്കുന്ന സദ്യാലയങ്ങൾ ഗ്രാമങ്ങളിൽ ഉൾപ്പെടെ സജീവമാണ്. പായസ കച്ചവടക്കാർക്കും വൻ ഡിമാൻഡാണ്. തയ്യാറാക്കാനുള്ള അദ്ധ്വാനമോർത്ത് മിക്കവരും ഒന്നും രണ്ടും ലിറ്റർ പായസം വാങ്ങുമെന്ന് ഉറപ്പിച്ചതോടെയാണ് ഇവർക്ക് ഡിമാൻഡ് ഏറിയത്.
വിഷുവിന് കെെനീട്ടമാണ് പ്രധാനം . വിഷുവിന് കോടി വാങ്ങലും ഇപ്പോ ഫാഷനായി. ഇതുമൂലം നഗരങ്ങളിലെ തുണികടകളിലെല്ലാം വൻ തിരക്കാണ് . വിഷുക്കണിയും മലയാളികളെ സംബന്ധിച്ച് ഒഴിവാക്കാനകാത്തതാണ്. പഴയ കാലമെന്ന് പോലെ നാട്ടുമ്പുറത്ത പല ക്ലബ്ബുകളും സമുദായ സംഘടനകളും വിഷുക്കണിയൊരുക്കി പുലർച്ചെ തന്നെ ഓരോ വീടുകളിലും എത്തും. കണിവെള്ളരിക്കയും കൊന്നപ്പൂവും കണിവക്കുന്നതിന് ഒഴിവാക്കാനാകില്ല. ഇതിനാൽ കണിവെള്ളരിക്കും ഡിമാൻഡ് കൂടി. ഗ്രാമപ്രദേശങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കൊന്നപ്പൂക്കൾ പറിച്ചെടുത്ത് ചെറുകെട്ടുകളാക്കി നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ വിഷു തലേന്ന് വിൽപനയ്ക്കായി എത്തും. സ്ഥാനാർത്ഥികളെ മിക്കയിടത്തും പ്രവർത്തകരും നാട്ടുകാരും സ്വീകരിക്കുന്നത് കൊന്നപ്പൂക്കൾ നൽകിയാണ് സ്വീകരിക്കുന്നത്. ഇതോടെ കൊന്നപ്പൂവ് നേരത്തെ തന്നെ താരമായി. വിഷുവിനോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഫുട്ബാൾ ടൂർണമെന്റുകളും സംഘടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥികളുടെ വിഷു ആശംസ കാർഡുകൾ എല്ലാ വീടുകളിലും എത്തിക്കുന്ന തിരക്കിലാണ് മൂന്നു മുന്നണികളിലെയും പ്രവർത്തകർ.