മൂവാറ്റുപുഴ : ചെറിയ പെരുന്നാൾ പ്രമാണിച്ചു പര്യടനത്തിന് അവധി നൽകിയെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് ഇന്നലെ തിരക്കേറിയ ദിനം തന്നെയായിരുന്നു. പ്രധാനമായും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനത്തിനാണ് ഇന്നലെ ഡീൻ സമയം വിനിയോഗിച്ചത്. നേതാക്കളെ നേരിലും കണ്ടും ഫോണിൽ വിളിച്ചു സംസാരിച്ചുമായിരുന്നു തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്തത്. പരമാവധി വ്യക്തികളെ ഫോണിൽ വിളിച്ചു വോട്ട് തേടുന്നതിനും ഡീൻ ഇന്നലെ സമയം കണ്ടെത്തി. സുഹൃത്തുക്കളെ സന്ദർശിച്ചു പിന്തുണ ഉറപ്പാക്കി. കല്യാണ വീടുകളിലെത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഇന്ന് പീരുമേട് മണ്ഡലത്തിലെ കൊക്കയാർ, പെരുവന്താനം, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻ കോവിൽ പഞ്ചായത്തുകളിൽ ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തും. രാവിലെ താഴത്തങ്ങാടിയിൽ നിന്നും ആരംഭിക്കുന്ന പര്യടനം വൈകിട്ട് മാട്ടുക്കട്ടയിൽ സമാപിക്കും.