കൊച്ചി: ഈദ് ദിനത്തിൽ സൗഹൃദങ്ങൾ പുതുക്കിയും സാഹോദര്യം വിളംബരം ചെയ്തുമാണ് ചാലക്കുടിയിലെ സ്ഥാനാർത്ഥികൾ പ്രചാരണം നടത്തിയത്. മൂന്ന് പ്രമുഖ മുന്നണി സ്ഥാനാർത്ഥികളും പരസ്യമായ പ്രചാരണം ഒഴിവാക്കി. വ്യക്തിപരമായ സന്ദർശനങ്ങൾക്ക് പ്രാധാന്യം നൽകി.

മസ്ജിദുകളും ഭവനങ്ങളും സന്ദർശിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ദിവസം മാറ്റിവച്ചു. പ്രചാരണ യോഗങ്ങളില്ലെങ്കിലും പെരുന്നാൾ ദിനവും തിരക്കേറിയതായിരുന്നു. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ടി.എച്ച്. മുസ്തഫയുടെ ഖബറിടമാണ് ആദ്യം സന്ദർശിച്ചത്. പാലക്കാടുതാഴം മസ്ജിദ് മുതൽ വിവിധ പള്ളികളും മസ്ജിദുകളും സന്ദർശിച്ചു. ഈദ്ഗാഹുകളിൽ സൗഹൃദങ്ങൾ പങ്കുവച്ചു. ഭവനങ്ങളിൽ അതിഥിയായി. ഇന്നും ഔദ്യോഗിക സന്ദർശനങ്ങളില്ല. വ്യക്തിപരമായി വോട്ട് അഭ്യർത്ഥിക്കും.

പൊതുപര്യടനം ഒഴിവാക്കിയെങ്കിലും ജനങ്ങൾക്കൊപ്പമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എം.സി. ജോസഫൈൻ അനുസ്മരണ ദിനത്തിൽ അങ്കമാലി ഏരിയ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച യോഗത്തിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് ഭാര്യ എം.കെ. വിജയവുമൊത്ത് ജോസഫൈന്റെ വീട്ടിലെത്തി മകൻ മനു പി. മത്തായി, മരുമകൾ ജോസ്‌ന, പേരക്കുട്ടികളായ മാനവ്, കണ്ണകി എന്നിവരോടൊപ്പം ഓർമ്മകൾ പങ്കുവെച്ചു.

എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ആലുവയിലെ പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളെയും സന്ദർശിച്ചു, തുറവുങ്കര പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. കാഞ്ഞൂർ, പാറപ്പുറം മേഖലയിലെ സ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു.

എൻ.ഡി.എ. നേതാക്കളായ എ. സെന്തിൽകുമാർ, വിജയൻ നെടുമ്പാശേരി, രൂപേഷ് പൊയ്യാട്ട്, പ്രദീപ് പെരുമ്പടന്ന, സി. സുമേഷ്, കെ.ആർ. റെജി, വേണു നെടുവന്നൂർ, സേതുരാജ് ദേശം, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഇന്ന് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ വോട്ട് അഭ്യർത്ഥിക്കും.

ട്വന്റി 20 പാർട്ടി സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ കുന്നത്തുനാട് മണ്ഡലത്തിലെ ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. പെരുവുംമുഴിയിൽ ആരംഭിച്ച പര്യടനം കടയിരുപ്പിൽ സമാപിച്ചു. കടമറ്റം സെന്റ് ജോർജ് പള്ളി, വാരട്ടിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം സന്ദർശിച്ച് ഭക്തജനങ്ങളോടൊപ്പം പ്രസാദമൂട്ടിൽ പങ്കെടുത്തു. പറേപ്പീടികയിലെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് സ്ഥാനാർത്ഥി ഉദ്ഘാടനം ചെയ്തു.