നെടുമ്പാശേരി: അത്താണിയിലെ ഗുണ്ടാസംഘത്തലവനെ കുറുമശേരിയിൽ എതിർസംഘം വെട്ടിക്കൊലപ്പെടുത്തി. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അത്താണി തുരുത്തിശേരി വിഷ്ണുവിഹാറിൽ വിനു വിക്രമനാണ് (33) കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ കുറുമശേരി പ്രിയപ്പടിക്ക് സമീപമായിരുന്നു സംഭവം.
ഇയാൾ റോഡിൽ രക്തംവാർന്ന് അബോധാവസ്ഥയിൽ കിടക്കുന്നതുകണ്ട ബൈക്ക് യാത്രക്കാരനാണ് വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളെന്ന് സംശയിക്കുന്ന നിധിൻ, ദീപക് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
കുന്നുകര പഞ്ചായത്തിലെ ചീരോത്തിത്തോടിൽ തിരുക്കൊച്ചി ബാറിൽ ചൊവ്വാഴ്ച രാത്രി വിനു വിക്രമനും ദീപക്കും മറ്റൊരു സുഹൃത്ത് സതീഷും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തർക്കമുണ്ടാകുകയും ചെയ്തിരുന്നു. 11 മണിയോടെ സിന്റോയുടെ ഓട്ടോറിക്ഷയിൽ നിധിനാണ് മൂവരെയും കുറുമശേരിയിലെത്തിച്ചത്. ഇവർ ഓട്ടോറിക്ഷയിൽ കയറിപ്പോകുന്ന ദൃശ്യം ബാറിലെ സി.സി ടിവി ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നിധിന്റെ വീടിന് 50 മീറ്റർ മാത്രം അകലെ സംഭവം നടക്കുമ്പോൾ മദ്യലഹരിയിലായിരുന്ന സതീഷ് ഓട്ടോറിക്ഷയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സതീഷും സിന്റോയും പൊലീസ് കസ്റ്റഡിയിലാണ്.
ഗുണ്ടാത്തലവനായിരുന്ന അത്താണി സ്വദേശി ഗില്ലപ്പി എന്ന് വിളിക്കുന്ന ബിനോയിയെ 2019 നവംബർ 17ന് അത്താണി ഓട്ടോറിക്ഷ സ്റ്റാൻഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് കൊല്ലപ്പെട്ട വിനു വിക്രമൻ. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. കുഴൽപ്പണം വീതംവയ്ക്കുന്നത് സംബന്ധിച്ച തർക്കമാണ് അന്ന് കൊലപാതകത്തിലേക്ക് നയിച്ചത്. തുടർന്നാണ് സംഘത്തലവനായി വിനു വിക്രമൻ മാറിയത്. കൊല്ലപ്പെട്ട ബിനോയിയുടെ അനുയായിയായിരുന്നു നിധിൻ.
കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വിനുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു: വിക്രമന്റെയും പരേതയായ സാറക്കുട്ടിയുടെയും മകനാണ്. വിഷ്ണു സഹോദരനാണ്.