കൊച്ചി: സംഘടിച്ച് നിന്നെങ്കിലേ ഈഴവ സമുദായത്തിന് അർഹതപ്പെട്ട അവകാശങ്ങൾ വാങ്ങിയെടുക്കാൻ സാധിക്കൂവെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം എരൂർ നോർത്ത് ശാഖയിലെ മേഖലാ സമ്മേളനങ്ങളുടെ പരിസമാപ്തി കുറിച്ച് ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടിത ശക്തിയും വോട്ടുബാങ്കും കൊണ്ടാണ് മറ്റ് സമുദായങ്ങൾ അർഹതപ്പെട്ടതും അല്ലാത്തതുമായ പൊതുസമ്പത്തുകൾ പിടിച്ചെടുക്കുന്നത്. വിഘടിച്ചു നിൽക്കുന്ന ഈഴവരാദി പിന്നാക്ക സമുദായങ്ങൾ എക്കാലത്തും അവഗണിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശാഖയിലെ എല്ലാ കുടുംബങ്ങൾക്കും വിഷുക്കൈനീട്ടം നൽകുന്ന പദ്ധതി വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.
തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ്, കണയന്നൂർ യൂണിയൻ വൈസ് ചെയർമാൻ സി.വി.വിജയൻ, യോഗം യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് ഉണ്ണി കാക്കനാട് എന്നിവർ മുഖ്യാതിഥികളായി. ശാഖാ പ്രസിഡന്റ് സുനിൽ തോപ്പിൽ ഭദ്രദീപം പ്രകാശിപ്പിച്ചു. സെക്രട്ടറി വിനോദ് വേണുഗോപാൽ സ്വാഗതവും വനിതാസംഘം സെക്രട്ടറി ഷീബ സുധി നന്ദിയും പറഞ്ഞു.