
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി എക്‌സാലോജിക്കും ആലുവയിലെ സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലെ അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി തെളിവെടുപ്പ് ആരംഭിച്ചു. ഇടപാടുകളുടെ രേഖകൾ സഹിതം ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ സി.എം.ആർ.എൽ ഫിനാൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ഇ.ഡി നോട്ടീസ് നൽകി. നൽകാത്ത സേവനത്തിന് എക്‌സാലോജിക്കിന് സി.എം.ആർ.എൽ പണം നൽകിയെന്ന പരാതിയിലാണ് നടപടി. ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ 1.72 കോടി രൂപ തവണകളായി നൽകിയതായി കണ്ടെത്തിയിരുന്നു. പണം നൽകിയത് എന്തു സേവനത്തിനെന്ന് വ്യക്തമാക്കാൻ ബാങ്ക് രേഖകളും രണ്ടു കമ്പനികളും തമ്മിലുള്ള കരാറുകളും ഉൾപ്പെടെ ഹാജരാക്കാനാണ് നിർദ്ദേശം.