കൊച്ചി: പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനത്തിലും എരണാകുളം മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും തിരക്കോട് തിരക്ക്. ഇന്നലെ പൊതു പ്രചാരണത്തിന് അവധി നൽകിയ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡനൻ മറ്റ് സുപ്രധാന സന്ദർശനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തൃപ്പൂണിത്തുറയിലെ റോഡ് ഷോയും കുടുംബയോഗങ്ങളുമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈന്റെ പ്രധാന പരിപാടികൾ. ചെറായി തൃക്കാക്കര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ പ്രചാരണം.
അമൃതാനനന്ദമയിയെ സന്ദർശിച്ച് ഹൈബി
അവധി ദിനമായ ഇന്നലെ രാവിലെ മുതൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഹൈബി ഈഡന് എം.പി എന്ന നിലയിലുള്ള തിരക്കായിരുന്നു. നിരവധിപ്പേരാണ് എറണാകുളം ദേശാഭിമാനി റോഡിലെ വസതിയിൽ ഹൈബിയെ കാണാനെത്തിയത്. ഇതിനു ശേഷം ഉച്ചയോടെ ഹൈബി കൊല്ലത്തേക്ക് തിരിച്ചു. വള്ളിക്കാവിലെ ആശ്രമത്തിലെത്തിയ സ്ഥാനാർത്ഥി മൂന്ന് മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. ഒരു മണിക്കൂറോളം അമൃതാനന്ദമയിയുമായി സംവദിച്ചു. വൈകിട്ടോടെ മടങ്ങിയെത്തിയ ഹൈബി പിന്നീട് സ്വകാര്യ സന്ദർശനങ്ങളിലും അവലോകന യോഗത്തിലുമാണ് പങ്കെടുത്തത്.
റോഡ് ഷോയിൽ കെ.ജെ. ഷൈൻ
ഇന്നലെ പൊതു വാഹന പ്രചാരണം ഒഴിവാക്കിയെങ്കിലും രാവിലെ മുകൽ കുടുംബയോഗങ്ങളിലും മറ്റുമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. പറവൂർ, തുരുത്തിപ്പുറം എന്നിവിടങ്ങളിലായിരുന്നു പ്രധാന കുടുംബ യോഗങ്ങൾ. ഉച്ചയ്ക്ക് ശേഷം തൃപ്പൂണിത്തുറയിൽ നടന്ന റോഡ് ഷോയിൽ നൂറ് കണക്കിനു പ്രവർത്തകർ പങ്കെടുത്തു.
ചെറായിയിലും തൃക്കാക്കരയിലുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ
രാവിലെ ഏഴു മണിയോടെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ്. രാധാകൃഷ്ണന്റെ ഇന്നലത്തെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. മുനമ്പം ഹോളി ഫാമിലി പള്ളിയിൽ ഫാ. ജോൺസണുമായി സൗഹൃദം പങ്കു വെച്ചു.
അവിടെ നിന്നും മുനമ്പം എസ്.എൻ ഡി.പി ശാഖ ഓഫീസ്, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അരയ മഹാസഭ ഓഫീസ്, നടിയാറ ശ്രീമുരുക ക്ഷേത്രം, ചെറായി തിരുമനാം കുന്ന് സമുദായചന്ദ്രിക സഭ ഓഫീസ് എന്നിവയും സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷവും വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലും സന്ദർശനം നടത്തി.
വൈകീട്ട് തൃക്കാക്കര മണ്ഡലത്തിലായിരുന്നു വാഹന പര്യടനം. ചളിക്കവട്ടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വെണ്ണല, ആലിൻചുവട്, ചെമ്പുമുക്ക്, പാലച്ചുവട്, തുതിയൂർ, ഇടച്ചിറ, അത്താണി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കാക്കനാട് മുൻസിപ്പൽ ഓപ്പൺ സ്റ്റേജിനു സമീപം സമാപിച്ചു.