
കോലഞ്ചേരി: അങ്ങനെ നമ്മുടെ ആഞ്ഞിലിപ്പഴവും ഓൺലൈനിലായി. മലയാളികൾക്കെന്നും നൊസ്റ്റാൾജിയ ഉണർത്തുന്ന പഴമാണിത്. ഒരു കാലത്ത് സുലഭമായി വീട്ടുമുറ്റത്ത് ലഭിച്ചിരുന്ന പഴങ്ങൾ പുതുതലമുറയ്ക്ക് ഇന്നും അന്യമാണ്. അവരെക്കൂടി ആഞ്ഞിലിപ്പഴത്തിന്റെ രുചികൂടി പരിചയപ്പെടുത്തുക എന്നതാണ് ഓൺലൈൻ വില്പനയുടെ ലക്ഷ്യം. നാവിൻതുമ്പിൽ ഒരുകാലത്ത് മധുരത്തിന്റെ തേൻകനി ഒരുക്കിയ ആഞ്ഞിലിപ്പഴത്തെ പുതുതലമുറ ഏറ്റെടുത്തിരിക്കുകയാണ്.
* വൻ ഡിമാൻഡ്
പഴവിപണിയിൽ വൻ ഡിമാൻഡായതോടെ ആഞ്ഞിലിച്ചക്ക അന്വേഷിച്ച് നാട്ടിൻ പുറങ്ങളിലേയ്ക്കും ആളെത്തിത്തുടങ്ങി. പഴങ്ങളുടെ കൂട്ടത്തിൽ ചക്ക കഴിഞ്ഞാൽ ആഞ്ഞിലിച്ചക്കയാണ് ഇപ്പോൾ താരം. സൂപ്പർമാർക്കകളിലും ആഞ്ഞിലിച്ചക്കകൾ വില്പനയ്‌ക്കെത്തി. കാക്കകൊത്തി താഴെയിട്ടും ആർക്കുംവേണ്ടാതെ തറയിൽവീണും ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്ക ഇപ്പോൾ എന്തുവിലകൊടുത്തായാലും വാങ്ങാൻ ആളുണ്ട്. ഒരുകാലത്ത് പഞ്ഞമാസങ്ങളിൽ മലയാളിയുടെ പ്രധാനപ്പെട്ടൊരു പോഷകാഹാരം ആയിരുന്നു അയിനിചക്ക, ആനിക്ക, ഐനിചക്ക തുടങ്ങി പലപേരുകളിൽ അറിയപ്പെടുന്ന ആഞ്ഞിലിച്ചക്ക. വിളഞ്ഞ ആഞ്ഞിലിച്ചക്കയുടെ പുറംതൊലി ചെത്തിക്കളഞ്ഞ് ചെറുകഷണങ്ങളാക്കി അരിഞ്ഞ് തയ്യാറാക്കുന്ന പുഴുക്കിന്റെ രുചി ഒന്ന് വേറെതന്നെയാണെന്ന് പഴമക്കാർ പറയുന്നു.
* ഒരുകിലോയ്ക്ക് Rs 150- 250
കീടനാശിനി സാന്നിദ്ധ്യമില്ലാത്ത പഴവർഗമെന്ന നിലയിൽ പോഷക സമൃദ്ധമായ ആഞ്ഞിലിച്ചക്ക സുരക്ഷിതമായി കഴിക്കാം. നല്ല വലിപ്പവും മധുരവുമുള്ള ആഞ്ഞിലിച്ചക്ക കിലോഗ്രാമിന് 150 രൂപ മുതൽ 250 വരെയാണ് വില.
മരത്തിൽനിന്ന് ചക്ക പറിച്ചെടുക്കുന്നതിനുള്ള വർദ്ധിച്ച കൂലിച്ചെലവാണ് വിലവർദ്ധനവിന് കാരണം. എന്നാൽ വീടുകളിലെത്തി അന്യ സംസ്ഥാനക്കാരായ തൊഴിലാളികളുടെ സഹായത്തോടെ നിലത്തു വീഴാതെ പഴുക്കാറായ ചക്ക പറിച്ചെടുത്താണ് വില്പനയ്ക്ക് തയ്യാറാക്കുന്നത്.
ഒരു മരത്തിലെ ചക്ക വിറ്റപ്പോൾ 500 രൂപ ലഭിച്ചു. കാക്ക കൊത്തി നിലത്തുചാടി ഈച്ചആർത്ത് കിടക്കുകയാണ് പതിവ്. എന്നാൽ ഇത്ര വില ലഭിക്കുമെന്ന് ആദ്യമായാണ് അറിയുന്നത്.
കെ.എൻ. പൗലോസ്, കിഴക്കമ്പലം