കൊച്ചി: തിരഞ്ഞെടുപ്പ് സംബന്ധമായ പ്രതികരണമെടുക്കവേ അമൃത ടിവി മാദ്ധ്യമസംഘത്തിനുനേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടവനക്കാട് സ്വദേശികളായ അഖിൽ, ആഷിക് എന്നിവരാണ് സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

വൈകിട്ട് 7.30ഓടെ മറൈൻഡ്രൈവ് ക്വീൻസ് വാക്‌വേയിൽ തിരഞ്ഞെടുപ്പ് പ്രതികരണമെടുത്ത് മടങ്ങവേ മാദ്ധ്യമസംഘവുമായി വാക്കുതർക്കത്തിലേർപ്പെട്ട യുവാക്കൾ സീനിയർ ക്യാമറാമാൻ സി.എസ്. ബൈജുവിനെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന റിപ്പോർട്ടർ വിഷ്ണു, ഡ്രൈവർ രാഗിൻ എന്നിവരെയും സംഘം പിടിച്ചുതള്ളി.

നേരിയ പരിക്കുകളേറ്റ ബൈജുവും സംഘവും എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സതേടി.