k

സംസ്ഥാനത്തിന്റെ വാണിജ്യതലസ്ഥാനം, മെട്രോ നഗരം.... അങ്ങനെ വിശേഷണങ്ങൾ പലതുള്ള എറണാകുളം,​പൊതുവെ വലതുചേർന്ന് ഒഴുകുന്ന മണ്ഡലമാണ്. സാമുദായിക,​ രാഷ്ട്രീയ അടിയൊഴുക്കുകളുണ്ടായ ചുരുക്കം സമയങ്ങളിൽ ഗതിമാറി ഇടതോരം ചേർന്നിട്ടുമുണ്ട്. അങ്ങനെയുള്ള എറണാകുളത്ത് ഇത്തവണയും ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ നിർണായക പങ്കു വഹിക്കുക സാമുദായിക സമവാക്യങ്ങൾ തന്നെയാവും.

എം.എൽ.എ ആയിരിക്കെ ലോക്‌സഭയിലേക്ക് പോരാടിക്കയറിയ കോൺഗ്രസിന്റെ ഹൈബി ഈഡൻ യു.ഡി.എഫിനായും, അപ്രതീക്ഷിത സ്ഥാനാർത്ഥിത്വമെങ്കിലും പാർട്ടിയിലെയും വർഗ- ബഹുജന സംഘടനകളിലെയും പ്രവർത്തന മികവിനു കിട്ടിയ അംഗീകാരമെന്ന പോലെ,​ അദ്ധ്യാപികയായ സി.പി.എമ്മിന്റെ കെ.ജെ. ഷൈൻ ഇടതുപക്ഷത്തിനായും രംഗത്തിറങ്ങുമ്പോൾ സാമുദായിക വോട്ടുകൾ എങ്ങനെ, ഏതു പെട്ടിയിൽ വീഴുമെന്ന് അളന്നുമുറിച്ച് പറയാനാകില്ല. മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ മണ്ഡലത്തിലെ ബന്ധങ്ങൾ കരുത്താക്കി എൻ.ഡി.എയ്ക്കായി മത്സര രംഗത്തുണ്ട്. മറ്റെല്ലാത്തിനുമപ്പുറം ആ ബന്ധങ്ങൾ മുതലാക്കി അദ്ദേഹം കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പിടിക്കുന്ന ഓരോ വോട്ടും ഇടതു- വലതു മുന്നണികളുടെ ചങ്കിടിപ്പേറ്റും.

നോ ടെൻഷൻ

ഹൈബി

സംസ്ഥാന രൂപീകരണത്തിനു ശേഷം ഉപതിരഞ്ഞെടുപ്പുകൾ ഉൾപ്പടെ ആകെ 18 തിരഞ്ഞെടുപ്പുകളാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നടന്നത്. കൂടുതൽ തവണയും കോൺഗ്രസിന്റെ കൈപിടിച്ച മണ്ഡലം കഴിഞ്ഞ തവണ ചരിത്ര ഭൂരിപക്ഷം നൽകിയാണ് ഹൈബി ഈഡനെന്ന യുവ നേതാവിനെ ലോക്‌സഭയിലേക്ക് അയച്ചത്. നിലവിലെ മന്ത്രിയും,​ സി.പി.എമ്മിന്റെ അനിഷേദ്ധ്യ നേതാവുമായിരുന്ന പി. രാജീവ് രാജ്യസഭയിലെ മികച്ച പ്രകടനത്തിന്റെ തിളക്കത്തിൽ നിൽക്കവേ പോരാട്ടത്തിനിറങ്ങിയിട്ടും അടിതെറ്റി. മത- സാമുദായിക വോട്ടുകൾ പെട്ടിയിൽ വീണില്ലെന്നായിരുന്നു വിലയിരുത്തൽ.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉൾപ്പെടെയുള്ള സി.പി.എമ്മിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി നിർണയത്തിനു പിന്നിലും സാമുദായിക വോട്ടുകളിലേക്കുള്ള കണ്ണായിരുന്നു. എന്നാൽ, പിതാവ് ജോർജ് ഈഡൻ മണ്ഡലത്തിന് രാഷ്ട്രീയത്തിനതീതമായ ജനപിന്തുണയുള്ള നേതാവായിരുന്നുവെന്നതും,​ അക്കാലം മുതലിങ്ങോട്ട് നേരത്തേ സൂചിപ്പിച്ച വോട്ടുകളുടെ വലിയൊരു ശതമാനം ഹൈബിക്ക് തുണയായിട്ടുണ്ടെന്നുള്ളതുമാണ് യാഥാർത്ഥ്യം. അത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഹൈബിക്കു ലഭിച്ച വോട്ടിംഗ് പാറ്റേണുകളിൽ ദൃശ്യവുമാണ്.

വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും,​ പ്രയോജനപ്പെടുത്തിയ കേന്ദ്ര ഫണ്ടുകളുടെ കണക്കു പറഞ്ഞുമാണ് ഹൈബി ഇത്തവണയും വോട്ടു തേടുന്നത്. എറണാകുളത്തെ കോൺഗ്രസിൽ ഭിന്നിപ്പുകളോ മറ്റു പ്രശ്‌നങ്ങളോ ഇല്ലെന്നതും മുന്നണിക്ക് മുതൽക്കൂട്ടാണ്. കൊവിഡ്- പ്രളയ കാലങ്ങളിലെ ഇടപെടൽ, നിർദ്ധനർക്കുള്ള സൗജന്യ ചികിത്സാ പദ്ധതിയായ ഹൃദയത്തിൽ ഹൈബി, ഗിന്നസിൽ ഇടം നേടിയ മെൻസ്ട്രൽ കപ്പ് വിതരണം- കപ്പ് ഒഫ് ലൈഫ്, 675 കോടി മുടക്കിൽ വരുന്ന നോർത്ത്- സൗത്ത് റെയിൽവേ സ്‌റ്റേഷൻ വികസനം, തോപ്പുംപടി ഫിഷിംഗ് ഹാർബർ, അമൃത് കുടിവെള്ള പദ്ധതി എന്നിവയൊക്കെ ഉയർത്തിയുള്ള പ്രചാരണം ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ വിദ്യാർത്ഥികൾ മുതൽ വൃദ്ധർ വരെയുള്ളവരുടെ വലിയ സംഘത്തെ കൃത്യമായി ഉപയോഗിക്കുന്നുണ്ട് മുന്നണി.

സ്ത്രീ വോട്ടിൽ

കണ്ണെറിഞ്ഞ്

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെക്കുറിച്ച് വ്യക്തമായ ബോദ്ധ്യമുള്ളതിനാലാകണം,​ അദ്ധ്യാപക സംഘടനാ നേതാവു കൂടിയായ കെ.ജെ. ഷൈനിലേക്ക് ഇടതുപക്ഷം എത്തിച്ചേർന്നത്. ശക്തമായ ലത്തീൻ കത്തോലിക്കാ പിൻബലമുള്ള ഷൈനിലൂടെ ക്രിസ്ത്യൻ വോട്ടുകൾ കാര്യമായി സമാഹരിക്കാമെന്ന പാർട്ടി- മുന്നണി കണക്കുകൂട്ടലുകൾ യാഥാർത്ഥ്യമായാൽ ഷൈൻ ടീച്ചർ തങ്ങളുടെ കറുത്തകുതിരയാകുമെന്നാണ് ഇടതു ക്യാമ്പിന്റെ കണക്കുകൂട്ടൽ. പക്ഷേ ഇതിന് ലത്തീൻ കത്തോലിക്കാ വിഭാഗത്തിന്റെ വോട്ടുകൾ ഭിന്നിക്കണമെന്നതാണ് പ്രധാന കാര്യം.

മുൻ കാലങ്ങളിൽ സ്ഥാനാർത്ഥി നിർണയങ്ങളിൽ കാട്ടിയിട്ടുള്ള 'പരീക്ഷണങ്ങൾ"ക്കൊന്നും മുതിരാതെ,​ കണക്കുകൂട്ടിയുള്ള നീക്കത്തിനു പിന്നിൽ മണ്ഡലത്തിൽ സ്ത്രീ വോട്ടർമാരാണ് കൂടുതലെന്നതുമുണ്ട്. മണ്ഡലത്തിലുടനീളം മികച്ച പ്രചാരണവുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷം സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും കേന്ദ്ര സർക്കാരിന്റെ അവഗണനയും വിഷയമാക്കിയാണ് വിജയത്തിലേക്ക് കണ്ണെറിയുന്നത്. നാളുകൾ പിന്നിട്ടെങ്കിലും കൊവിഡും പ്രളയവുമെല്ലാം പുട്ടിന് പീരപോലെ ഇടതുപക്ഷം ഉയർത്തുന്നുണ്ട്. മണിപ്പൂർ വിഷയത്തിലെ കേന്ദ്ര നിലപാട് ശക്തമായി ഉയർത്തുന്ന ഇടതുപക്ഷത്തിന്,​ അത് എങ്ങനെ വോട്ടാക്കി മാറ്റമെന്ന കൃത്യമായ പദ്ധതികളുണ്ടെന്ന് വ്യക്തം. അത് യാഥാർത്ഥ്യമായാൽ മുന്നണിക്ക് നേട്ടമാണ്.

ബന്ധങ്ങൾ

വോട്ടാക്കാൻ

സ്വന്തം തട്ടകത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ ഇറക്കി നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. നരേന്ദ്ര മോദിയുടെ സന്ദർശനവും റോഡ് ഷോയും 3,000 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ പ്രഖ്യാപനവുമെല്ലാം നടന്നത് കൊച്ചിയിലാണ്. ഇതെല്ലാം വോട്ടിലേക്ക് എത്തുമോ എന്ന് കാത്തിരുന്നു കാണണം. തൃപ്പൂണിത്തുറയിലും പറവൂരിലും വ്യക്തമായ സ്വാധീനമുള്ള ബി.ജെ.പി ഇത്തവണ വോട്ട് വിഹിതം ഒന്നര ലക്ഷത്തിനപ്പുറം കടത്തണമെന്ന ലക്ഷ്യത്തിലാണ്. ബി.ഡി.ജെ.എസിന്റെ കൂടി സ്വാധീനത്തോടെ വോട്ട് വിഹിതം രണ്ടു ലക്ഷത്തിനടുത്ത് എത്തിക്കാൻ കഴിഞ്ഞാൽ നേട്ടമാകും.

സാമുദായിക

സമവാക്യം

ജനസംഖ്യയുടെ 53 ശതമാനം വരുന്ന ക്രൈസ്തവരാണ് മണ്ഡലത്തിൽ. അതിൽ 45 ശതമാനം വരും ലത്തീൻ സമുദായ വോട്ട്. ഫലം നിർണയിക്കുന്നത് ഈ വോട്ടുകളാണ്. ജനസംഖ്യയുടെ 36.21 ശതമാനമാണ് ഹൈന്ദവ വോട്ടർമാർ. കൂടുതലും നായർ സമുദായംഗങ്ങൾ. കോൺഗ്രസ് അനുഭാവമാണ് ഈ വിഭാഗത്തിൽ കൂടുതൽ. 15.67 ശതമാനമുള്ള മുസ്ലീം വോട്ടുകളും പ്രധാനമാണ്. സിറിയൻ ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ടുകൾക്കും പ്രാധാന്യമുണ്ട്.