കൊച്ചി: കടൽത്തിരകളും കണ്ടൽക്കാടുകളുടെ പച്ചപ്പും ഗോശ്രീദ്വീപ് നിവാസികളുടെ ജീവിതക്കാഴ്ചകളുടെ ഭാഗമാണ്. അവിടെ നിന്നുള്ള മൂന്ന് ചിത്രകാരികൾ ചിത്രപ്രദർശനവുമായി ഒന്നിച്ചപ്പോൾ അവർ തിരഞ്ഞെടുത്ത തീമും ഇതിനോടുചേർന്നതായി.
മുളവുകാട്, വൈപ്പിൻ സ്വദേശികളായ സുരജ മനു അമൽദേവ്, മഞ്ജു സാഗർ, വിൽസി ജോൺസൻ എന്നിവരാണ് ചിത്രപ്രദർശനവുമായി ഒന്നിച്ചത്.
മഹാകവി ജി സ്മാരകത്തിൽ നടക്കുന്ന പ്രദർശനത്തിന് 'സിയാൻ വിസ്റ്റ' എന്നാണ് പേരിട്ടത്.
'സിയാൻ' കടലിന്റെ നീലനിറത്തെയും 'വിസ്റ്റ' മംഗളവനത്തിന്റെ പച്ചപ്പിനെയും സൂചിപ്പിക്കുന്നു. ആകെ 21 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇവരിൽ സുരജ മനു ജലാശയവുമായി ബന്ധപ്പെട്ട വിഷയമാണ് തിരഞ്ഞെടുത്തത്. കടൽ ചിപ്പികളുടെയും ശംഖുകളുടെയുമെല്ലാം മനോഹാരിത ചിത്രങ്ങളിൽ നിറയുന്നു. ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംപിടിച്ച ചിത്രകാരികൂടെയാണ് സുരജാ മനു. മഞ്ജു സാഗർ എഴുത്തുകാരി കൂടിയാണ്. സ്വന്തം കവിതകൾ തന്നെയാണ് മഞ്ജു ചിത്രങ്ങളാക്കിയത്. മൂന്നാമത്തെ ചിത്രകാരി വിൽസി ജോൺസന്റെ പ്രമേയം ആനകളാണ്. ആനകളുടെ ശാന്തതയ് ക്കൊപ്പം സംഹാരരൂപവും വിൽസി ചിത്രീകരിച്ചിരിക്കുന്നു.
പല ചിത്രപ്രദർശനങ്ങളിലും കണ്ടുമുട്ടിയവരാണ് മൂവരും. എന്നാൽ ഒരുമിച്ച് പ്രദർശനം നടത്തുന്നത് ആദ്യമായാണ്. തങ്ങളുടെ സംരംഭം വ്യത്യസ്തമാക്കാൻ ഒരേ തരം വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ എത്തുന്നത്. ഏപ്രിൽ 6ന് തുടങ്ങിയ പ്രദർശനം ഇന്ന് സമാപിക്കും.