കൊച്ചി: അന്യ സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം കൂടുതലായി എത്തുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. വിവിധ കേന്ദ്രങ്ങളിൽ മൂന്ന് സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ട്രെയിൻ മാർഗം ജില്ലയിലെത്തുന്ന മത്സ്യത്തിന്റെ ഗുണനിലവാരം മനസിലാക്കുന്നതിന് റെയിൽവേയുമായി സഹകരിച്ചും പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ ജോൺ വിജയകുമാർ അറിയിച്ചു. മുൻവർഷങ്ങളിൽ സംസ്ഥാനത്ത് ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ കിലോക്കണക്കിന് മത്സ്യം വകുപ്പ് പിടികൂടിയിരുന്നു. രാസപദാർത്ഥങ്ങൾ അടങ്ങിയ മത്സ്യങ്ങളും സാധാരണയായി എത്താറുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. എറണാകുളം ജംഗ്ഷൻ, ടൗൺ റെയിൽവേ സ്റ്റേഷൻ, ചമ്പക്കര മത്സ്യമാർക്കറ്റ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
15 കിലോ അയല നശിപ്പിച്ചു
മത്സ്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ചമ്പക്കര മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 15 കിലോ പഴകിയ അയല പിടിച്ചെടുത്ത് നശിപ്പിച്ചു. കഴിഞ്ഞ അഞ്ചിനായിരുന്നു പരിശോധന.
ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. റെയിൽവേ ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. തുടർന്നും പരിശോധന ഉണ്ടാകും.
പി.കെ. ജോൺ വിജയകുമാർ, അസി. കമ്മിഷണർ
ഭക്ഷ്യസുരക്ഷാ വകുപ്പ്